മറ്റാർക്കും തൊടാൻ കഴിയാതെ അഡ്രിയാൻ ലൂണ, ബ്ലാസ്റ്റേഴ്‌സിലെ കഠിനാധ്വാനി ഐഎസ്എല്ലിലും ഒന്നാം സ്ഥാനത്ത് | Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏതൊരു താരത്തിനു നേരെ വിമർശനങ്ങൾ ഉയർന്നാലും ആരാധകർ വിരൽ ചൂണ്ടാൻ സാധ്യതയില്ലാത്ത കളിക്കാരനാണ് അഡ്രിയാൻ ലൂണ. താരം ടീമിന് വേണ്ടി നടത്തുന്ന പ്രകടനം തന്നെയാണ് അതിനു കാരണം. കളിക്കളത്തിൽ തന്റെ ഏറ്റവും ആത്മാർത്ഥമായ പ്രകടനം നടത്തുന്ന താരം ഹൈദരാബാദ് എഫ്‌സിക്കെതിരെ പനി ബാധിച്ചത് വക വെക്കാതെയാണ് കളിച്ചതെന്ന് ഇവാൻ വുകോമനോവിച്ച് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ രണ്ടു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി നടത്തിയ മികച്ച പ്രകടനം ഈ സീസണിലും ലൂണ ആവർത്തിക്കുന്നുണ്ട്. ഈ സീസണിൽ ടീമിന്റെ നായകനെന്ന ഒരു അധികച്ചുമതല കൂടി താരത്തിന് ഉണ്ടെന്നതിനാൽ അതിന്റെ പക്വത ലൂണ കാണിക്കുന്നുണ്ട്. ഇതുവരെ നടന്ന മത്സരങ്ങളിൽ യുറുഗ്വായ് താരം ഗോളടിക്കുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്യാതിരുന്ന രണ്ടു മത്സരങ്ങൾ മാത്രമേയുള്ളൂ. അതിൽ രണ്ടിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയും ചെയ്‌തു.

അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിന് എത്ര പ്രധാനപ്പെട്ട താരമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിത്. പ്രകടനത്തിന്റെ കണക്കുകൾ നോക്കിയാൽ ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരങ്ങളിൽ മുന്നിലുള്ളത് അഡ്രിയാൻ ലൂണ തന്നെയാണ്. ഒൻപത് മത്സരങ്ങൾ കളിച്ച അഡ്രിയാൻ ലൂണ ഏഴു ഗോളുകളിൽ പങ്കാളിയായാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

ആറു ഗോളുകളിൽ പങ്കാളിയായ ചെന്നൈയിൻ എഫ്‌സി താരം ക്രിവെയറോ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ അഞ്ചു ഗോളുകളിൽ പങ്കാളിയായ മുംബൈ സിറ്റി താരം ഡയസ്, ബെംഗളൂരു താരം സുനിൽ ഛേത്രി, ഈസ്റ്റ് ബംഗാളിന്റെ ക്‌ളീറ്റൻ, ഗോവയുടെ റോഡ്രിഗസ്, ഈസ്റ്റ് ബംഗാളിന്റെ തന്നെ നന്ദകുമാർ, ബ്ലാസ്റ്റേഴ്‌സിന്റെ ദിമിത്രിയോസ് എന്നിവരുമുണ്ട്. മോഹൻ ബഗാൻ താരങ്ങളായ മൻവീർ, സഹൽ എന്നിവർ ആദ്യ പത്തിൽ ഉൾപ്പെടുന്നു.

ബ്ലാസ്റ്റേഴ്‌സിൽ നിന്നും രണ്ടു താരങ്ങൾ ഈ കണക്കിൽ മുൻനിരയിലുണ്ടെന്നത് അഭിമാനിക്കാൻ വക നൽകുന്നതാണ്. അഡ്രിയാൻ ലൂണയെന്ന താരം ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. കേരള ബ്ലാസ്റ്റേഴ്‌സിലെ മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലൂണയെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. താരത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളും.

Luna Tops Most Goals Plus Assists In ISL