മെസിയുമായി സംസാരിച്ചിട്ടും തീരുമാനങ്ങളിൽ മാറ്റമില്ല, സ്‌കലോണിയുടെ കാര്യത്തിൽ പ്രതീക്ഷ പൂർണമായും നഷ്‌ടമാകുന്നു | Scaloni

ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലെ വിജയത്തിന് ശേഷം ആരാധകരെ ഞെട്ടിച്ചാണ് അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും മാറി നിൽക്കുമെന്ന സൂചന ലയണൽ സ്‌കലോണി നൽകിയത്. അർജന്റീനക്ക് കൂടുതൽ ഊർജ്ജസ്വലമായ ഒരു പരിശീലകനെ വേണമെന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും എന്തൊക്കെയോ അഭിപ്രായവ്യത്യാസങ്ങൾ അതിനു പിന്നിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന കാര്യം വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസം കോപ്പ അമേരിക്ക ഗ്രൂപ്പ് നറുക്കെടുപ്പിനായി എത്തിയപ്പോഴും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന രീതിയിലുള്ള അഭിപ്രായമാണ് സ്‌കലോണി നൽകിയത്. “ഞാനിപ്പോഴും അർജന്റീനയുടെ പരിശീലകനാണ് എന്നതിനാലാണ് ഇവിടെയുള്ളത്. ബ്രസീലിനെതിരായ മത്സരത്തിന് ശേഷം പരിശീലകസ്ഥാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിപ്പോൾ എന്നു ഞാൻ പറഞ്ഞിരുന്നു. അതെ അഭിപ്രായത്തിൽ തന്നെയാണ് ഞാനിപ്പോഴും നിൽക്കുന്നത്.”

“എല്ലാം എങ്ങിനെ പോകുന്നു, വീണ്ടും പുനരാരംഭിക്കണോ അതോ മറ്റെന്തെങ്കിലും ചെയ്യണോ എന്നതിനെക്കുറിച്ച് ഞാൻ ശാന്തനായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ടീമിലെ കളിക്കാർ മികച്ച പ്രകടനമാണ് നടത്തുന്നത്. അവരുടെ നിലവാരത്തിന് അനുസരിച്ച് അഭിനിവേശവും ഊർജ്ജവുമുള്ള ഒരു പരിശീലകനെ അവർക്ക് വേണം. പ്രസിഡന്റ് ടാപ്പിയയുമായുള്ള ബന്ധം എല്ലായിപ്പോഴും മികച്ച രീതിയിൽ തന്നെയാണുള്ളത്.”

“ബാക്കിയെല്ലാം എന്നിലും കോച്ചിങ് സ്റ്റാഫിലും ഒതുങ്ങുന്നതാണ്. ഞങ്ങൾ ദേശീയ ടീമിന് ഏറ്റവും നല്ലതെന്താണെന്ന് ചിന്തിക്കണം. ബ്രസീലിനെതിരായ മത്സരത്തിന് ശേഷം ഞാൻ മെസിയോട് സംസാരിച്ചിരുന്നു, അദ്ദേഹമാണ് നായകൻ, ഞങ്ങൾ തമ്മിൽ മികച്ചൊരു ബന്ധവുമുണ്ട്. ടാപ്പിയയുമായും ഞാൻ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ സംസാരിച്ചിരുന്നു.” സ്‌കലോണി പറഞ്ഞു.

മെസിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ സ്‌കലോണിയുടെ തീരുമാനത്തിനു കാരണമായിട്ടുണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രസീലിനെതിരായ മത്സരത്തിനു മുൻപ് താരങ്ങൾക്കൊപ്പം മെസി കളിക്കളം വിട്ടത് സ്‌കലോണിയുടെ അനുവാദമില്ലാതെയാണ്. അതിൽ കോച്ചിങ് സ്റ്റാഫുകൾക്ക് രോഷമുണ്ടെന്നും സ്‌കലോണിയുടെ പ്രതികരണം അങ്ങിനെ ഉണ്ടായതെന്നും അത്‌ലറ്റിക് വെളിപ്പെടുത്തിയിരുന്നു.

എന്തായാലും സ്‌കലോണി അർജന്റീന ടീം വിടാനുള്ള സാധ്യത കൂടുതലാണെന്നാണ് നിലവിലെ സാഹചര്യങ്ങളിൽ നിന്നും മനസിലാക്കേണ്ടത്. കോപ്പ അമേരിക്ക വരെ മാത്രമേ അദ്ദേഹം അർജന്റീന ടീമിന്റെ പരിശീലകനായി ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. അതേസമയം അർജന്റീന പരിശീലകനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

Scaloni Still Unsure About His Future