വിദേശതാരം കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് റിപ്പോർട്ടുകൾ, എങ്കിൽ എന്തായാലും ടീമിനൊപ്പം തുടരുമെന്ന് ആരാധകർ | Jaushua Sotirio

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്‌സിൽ നിരവധി സംശയങ്ങൾ ബാക്കിയാണ്. കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ തോൽവി വഴങ്ങിയ രീതിയാണ് ടീമിൽ സംശയങ്ങളുണ്ടാകാൻ കാരണമായത്. ഒന്നു പൊരുതാൻ പോലും അനുവദിക്കാതെ ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടിയപ്പോൾ വമ്പൻ ടീമുകൾക്കെതിരായ ടീമിന്റെ പ്രകടനത്തിൽ ആശങ്കകൾ വർധിച്ചിട്ടുണ്ട്.

പുതിയ വർഷം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു പ്രതീക്ഷയാണ്. സ്വന്തമാക്കി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പരിക്കേറ്റു പുറത്തായ ഓസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. താരം മികച്ച പ്രകടനം നടത്തിയാൽ സീസണിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശക്തരായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതിനിടയിൽ ഓസ്‌ട്രേലിയൻ താരവും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കരാർ അവസാനിപ്പിക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരം 2024 ആദ്യത്തോടെ ടീമിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിനു കഴിയുന്നില്ലെന്നും അതിനാലാണ് ക്ലബുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതെന്നുമാണ് ജ്യോതിർമയ് ചട്ടോപാധ്യായ് വെളിപ്പെടുത്തുന്നത്.

എന്നാൽ ഈ അഭ്യൂഹം പുറത്തു വന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതിനെ ചിരിച്ചു തള്ളുകയാണ്. സോട്ടിരിയോയുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ട അക്കൗണ്ട് തന്നെയാണ് അതിനു കാരണം. ഒരു തരത്തിലും വിശ്വാസയോഗ്യമല്ലാത്ത റിപ്പോർട്ടുകളാണ് ഈ അക്കൗണ്ടിൽ നിന്നും വരികയെന്നും അതുകൊണ്ടു തന്നെ സോട്ടിരിയോ ടീമിനൊപ്പം തുടരുമെന്ന കാര്യം ഉറപ്പാണെന്നും ആരാധകർ പറയുന്നു.

ഒരു മത്സരം പോലും കളിക്കാതെ പരിക്കേറ്റു പുറത്തായ സോട്ടിരിയോക്ക് പകരമാണ് ബ്ലാസ്റ്റേഴ്‌സ് ജാപ്പനീസ് താരം ഡൈസുകെയെ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അവിശ്വസനീയമായ പിന്തുണ കാണുന്നതിനാൽ തന്നെ താരത്തിന് ടീമിൽ കളിക്കാൻ ആഗ്രഹമുണ്ടാകുമെന്നുറപ്പാണ്. ജനുവരിയിൽ തന്നെ താരത്തിന് തിരിച്ചു വരാൻ കഴിഞ്ഞാൽ അത് ടീമിന് കൂടുതൽ കരുത്ത് നൽകുമെന്നതിലും സംശയമില്ല.

Jaushua Sotirio Might Leave Kerala Blasters