മെസി സമ്മതം മൂളിയാൽ സ്വന്തമാക്കാൻ ഞങ്ങൾ തയ്യാറാണ്, അർജന്റീന താരത്തെ സ്വാഗതം ചെയ്‌ത്‌ സൗദി പ്രൊ ലീഗ് ഡയറക്റ്റർ | Messi

കഴിഞ്ഞ സീസൺ അവസാനിച്ചതോടെ പിഎസ്‌ജി വിട്ട ലയണൽ മെസി എവിടേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താരം ശ്രമം നടത്തിയതെങ്കിലും അവരുടെ സാമ്പത്തികപ്രതിസന്ധികൾ അതിനു തടസമായി. സൗദി പ്രൊ ലീഗിലെ ക്ലബായ അൽ ഹിലാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക മെസിക്ക് വാഗ്‌ദാനം ചെയ്‌തെങ്കിലും താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ഒടുവിൽ എത്തിയത്.

എന്നാൽ മെസിയെ സ്വന്തമാക്കുകയെന്ന തങ്ങളുടെ ലക്‌ഷ്യം ഉപേക്ഷിച്ചിട്ടില്ലെന്നാണ് സൗദി പ്രൊ ലീഗിന്റെ സ്പോർട്ടിങ് ഡയറക്റ്ററും മുൻ ചെൽസി താരവുമായ മൈക്കൽ എമനാലോ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്റർ മിയാമി വിടാനുള്ള ആഗ്രഹം മെസിക്കുണ്ടെങ്കിൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ തങ്ങൾ നടത്തുമെന്നും അതുപോലെ ഏതൊരു സൂപ്പർതാരത്തിനും ഇവിടേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ അത് നടത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

“അടുത്ത സീസണിൽ താരം ഇവിടേക്ക് വരണമെന്ന തീരുമാനം എടുക്കുകയാണെങ്കിൽ ഞങ്ങൾ വളരെ സന്തോഷത്തോടു കൂടിത്തന്നെ ഇവിടേക്ക് സ്വാഗതം ചെയ്യും. അതേസമയം അമേരിക്കൻ ലീഗിൽ തന്നെ തുടരാനാണ് തീരുമാനമെങ്കിലും താരത്തിന്റെ തീരുമാനത്തെ സന്തോഷത്തോടെ ഞങ്ങൾ അംഗീകരിക്കും. ഏതൊരു സൂപ്പർതാരത്തിന് സൗദി പ്രൊ ലീഗിലേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടി ശ്രമങ്ങൾ നടത്താൻ ഞങ്ങൾ തയ്യാറാണ്.”

“എനിക്കോ നിങ്ങൾക്കോ അറിയാവുന്ന ഏതെങ്കിലുമൊരു സൂപ്പർതാരം ഇവിടേക്ക് വരാനുള്ള സൂചന നൽകുകയാണെങ്കിൽ, അല്ലെങ്കിൽ അവരുടെ താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ ഞങ്ങൾ അവരെ ഇവിടെയെത്തിക്കാനുള്ള ജോലി വളരെ ബുദ്ധിമുട്ടിയാണെങ്കിലും പൂർത്തിയാക്കാൻ ശ്രമിക്കും.” മൈക്കൽ എമനാലോ ദി ഗാർഡിയനോട് കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ പറഞ്ഞു.

കഴിഞ്ഞ ദിവസം ടൈം മാഗസിനോട് സംസാരിക്കുമ്പോൾ സൗദി ലീഗിനോട് തനിക്കുണ്ടായിരുന്ന താൽപര്യം മെസി വെളിപ്പെടുത്തിയിരുന്നു. നിലവിൽ സൗദി ടൂറിസം അംബാസിഡറായ താരം രാജ്യത്തെ ലീഗ് വികസിപ്പിച്ച് ലോകത്തിലെ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ബോധവാനാണ്. അവസാനമാണ് സൗദിയെ തഴഞ്ഞ് മെസി ഇന്റർ മിയാമിയെ തിരഞ്ഞെടുത്തതും. എന്നാൽ ഇപ്പോഴും സൗദിയിലേക്ക് മെസിയെത്താനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ല.

Messi Welcomed By Saudi Pro League