ക്രിസ്റ്റ്യൻ റൊമേറോയെ റാഞ്ചാൻ റയൽ മാഡ്രിഡിന്റെ ശ്രമം, ലോകറെക്കോർഡ് തുക ആവശ്യപ്പെട്ട് ടോട്ടനം

ടോട്ടനം ഹോസ്‌പറിൽ കളിക്കുന്ന അർജന്റീന പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റോമെറോയെ സ്വന്തമാക്കാൻ സ്‌പാനിഷ്‌ വമ്പന്മാരായ റയൽ മാഡ്രിഡ് ശ്രമം നടത്തിയെന്ന് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരമെന്ന് ലയണൽ മെസി വിശേഷിപ്പിച്ചിട്ടുള്ള ക്രിസ്റ്റ്യൻ റോമെറോയെ പുതിയ സീസണിന് മുന്നോടിയായി ടീമിലെത്തിക്കാനാണ് റയൽ മാഡ്രിഡ് ശ്രമിച്ചത്.

ഗാസ്റ്റൻ എഡ്യൂളിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റ്യൻ റൊമേറോക്കു വേണ്ടി ഓഫർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായിരുന്നു. അതിനു വേണ്ടി ടോട്ടനവുമായി അവർ പ്രാഥമിക ചർച്ചകളും നടത്തുകയുണ്ടായി. എന്നാൽ ഇരുപത്തിയാറുകാരനായ താരത്തെ വിട്ടു കൊടുക്കാൻ തയ്യാറല്ലെന്നും അതിന്റെ ഭാഗമായുള്ള യാതൊരു ചർച്ചകൾക്കും താത്പര്യമില്ലെന്നുമാണ്‌ ടോട്ടനം അറിയിച്ചത്.

അതേസമയം പോൽ ഓ കെഫി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ റൊമേറോക്ക് വേണ്ടി റയൽ മാഡ്രിഡ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ടോട്ടനം ഹോസ്‌പർ ആവശ്യപ്പെട്ടത് ഒരു പ്രതിരോധതാരത്തിനുള്ള എക്കാലത്തെയും ഉയർന്ന തുകയായ 150 മില്യൺ യൂറോയാണ്. ഇതോടെ റയൽ മാഡ്രിഡ് ട്രാൻസ്‌ഫറിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

യുവന്റസ് താരമായിരുന്ന റൊമേറോ ലോണിൽ കളിച്ച അറ്റ്‌ലാന്റക്കു വേണ്ടി നടത്തിയ പ്രകടനമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. അവർക്കൊപ്പം കളിച്ചപ്പോൾ സീരി എയിലെ മികച്ച ഡിഫെൻഡറായി റോമെറോ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അറ്റ്‌ലാന്റാ സ്വന്തമാക്കിയ താരത്തെ അവിടെ നിന്നുമാണ് ടോട്ടനം ഹോസ്‌പർ ടീമിലെത്തിക്കുന്നത്.

പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോ എത്തിയതിനു ശേഷമാണ് അർജന്റീന ടീം ഏറ്റവും കരുത്തരായി മാറിയതെന്ന് ലയണൽ മെസി അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിൽ ലോകത്തിലെ മികച്ച ഡിഫെൻഡർമാരിൽ ഒരാളായി കരുതപ്പെടുന്ന റൊമേറോയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ റയൽ മാഡ്രിഡിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നുറപ്പാണ്.