പോർച്ചുഗലിൽ ഇടിമിന്നലായി ഡി മരിയ, രണ്ടാം അരങ്ങേറ്റം അതിഗംഭീരം | Di Maria

യുവന്റസ് കരാർ അവസാനിച്ച ഏഞ്ചൽ ഡി മരിയ ഏതാനും ദിവസങ്ങൾക്കു മുൻപാണ് തന്റെ പഴയ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയത്. അർജന്റൈൻ ക്ലബായ റൊസാരിയോ സെൻട്രലിൽ നിന്നും യൂറോപ്പിലേക്ക് വന്ന ഡി മരിയ ആദ്യം കളിച്ച ക്ലബാണ് ബെൻഫിക്ക. അവിടെ നിന്നുമാണ് താരം റയൽ മാഡ്രിഡിൽ എത്തിയതും ലോകഫുട്ബോളിലെ തന്നെ വമ്പൻ താരങ്ങളിൽ ഒരാളായി മാറിയതും.

ബെൻഫിക്കയിലേക്കുള്ള രണ്ടാം വരവിൽ ഡി മരിയ ആദ്യത്തെ മത്സരം ടീമിനായി കഴിഞ്ഞ ദിവസം കളിച്ചിരുന്നു. സ്വിസ് ക്ലബായ ബേസലിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ ഗംഭീര പ്രകടനമാണ് ഡി മരിയ നടത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബെൻഫിക്ക വിജയം നേടിയ മത്സരത്തിൽ ആദ്യപകുതി മാത്രം കളിച്ച ഡി മരിയ ടീമിന്റെ മൂന്നു ഗോളുകളിലും പങ്കാളിയായിരുന്നു.

ഇരുപത്തിമൂന്നാമത്തെ മിനുട്ടിൽ ഡി മരിയ നേടിയ ഗോളിലാണ് ബെൻഫിക്ക മുന്നിലെത്തുന്നത്. അലക്‌സാണ്ടർ ബാ നൽകിയ പാസ് വലയിലേക്ക് തട്ടിയിടുക മാത്രമേ താരത്തിന് വേണ്ടി വന്നുള്ളൂ. അതിനു പിന്നാലെ ഗോൻകാലോ റാമോസ് രണ്ടാമത്തെ ഗോൾ നേടി. ആ ഗോളിന് അസിസ്റ്റ് നൽകിയ ബായിലേക്ക് പന്തെത്തിച്ചത് ഡി മരിയ ആയിരുന്നു. അതിനു ശേഷം ഡേവിഡ് ജുറാസക്ക് നേടിയ ഗോളിന് താരം അസിസ്റ്റ് നൽകുകയും ചെയ്‌തു.

ഗോളിനും അസിസ്റ്റിനും പുറമെ കളത്തിലുണ്ടായിരുന്ന സമയത്തെല്ലാം മികച്ച പ്രകടനമാണ് താരം നടത്തിയത്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബിന് ഡി മരിയയുടെ വരവ് പുതിയൊരു ഊർജ്ജം തന്നെയാണ്. ആദ്യത്തെ മത്സരത്തിൽ തന്നെ ഗംഭീര പ്രകടനം നടത്തി തന്റെ മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കാൻ ഡി മരിയക്ക് കഴിഞ്ഞു. ബെൻഫിക്കയിൽ തിളങ്ങിയാൽ അടുത്ത കോപ്പ അമേരിക്ക ടീമിലും താരമുണ്ടാകും എന്നുറപ്പാണ്.

Di Maria Goal And Assist For Benfica Against Basel