ആ മാന്ത്രിക കൂട്ടുകെട്ട് ഇന്റർ മിയാമിയിലും തുടരും, മെസിക്കൊപ്പം ബുസ്‌ക്വറ്റ്‌സിനെയും അവതരിപ്പിച്ച് അമേരിക്കൻ ക്ലബ് | Busquets

ബാഴ്‌സലോണയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ച് സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ കളിക്കാരാണ് ലയണൽ മെസിയും സെർജിയോ ബുസ്‌ക്വറ്റ്‌സും. സ്വന്തം പൊസിഷനിൽ എക്കാലത്തെയും വലിയ ഇതിഹാസ താരങ്ങളായ ഇവർ രണ്ടു പേരും മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ താൽക്കാലികമായി ക്ലബ് തലത്തിൽ പിരിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ രണ്ടു പേരും വീണ്ടുമൊരുമിക്കുന്നതിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.

മെസി ബാഴ്‌സലോണ വിട്ടപ്പോഴും ഇവരോടുള്ള സൗഹൃദം വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോയിരുന്നു. പിഎസ്‌ജി കരാർ അവസാനിച്ച ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം എടുത്തപ്പോൾ ബുസ്‌ക്വറ്റ്‌സും അതിനെ പിന്തുടർന്നു. കഴിഞ്ഞ ദിവസം ലയണൽ മെസിയുടെ ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് താരത്തെ അവതരിപ്പിക്കുന്ന ചടങ്ങിൽ ബുസ്‌ക്വറ്റ്‌സിനെയും ഇന്റർ മിയാമി അവതരിപ്പിക്കുകയുണ്ടായി. രണ്ടു വർഷത്തെ കരാറിലാണ് താരം ക്ലബിലെത്തിയത്.

ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും ഐതിഹാസികമായ ചരിത്രം കുറിച്ച രണ്ടു താരങ്ങളാണ് ഇന്റർ മിയാമിയിൽ ഒരുമിക്കുന്നത്. ലയണൽ മെസി ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും നേരത്തെ സ്വന്തമാക്കിയപ്പോൾ അർജന്റീനക്കൊപ്പം കഴിഞ്ഞ രണ്ടു വർഷത്തിൽ മൂന്നു കിരീടം നേടുകയുണ്ടായി. അതേസമയം ബാഴ്‌സലോണ ടീമിനൊപ്പം എണ്ണമറ്റ കിരീടങ്ങൾ നേടിയിട്ടുള്ള ബുസ്‌ക്വറ്റ്സ് സ്പെയിനിനൊപ്പം ഒരു ലോകകപ്പും രണ്ടു യൂറോ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

എംഎൽഎസ് ചരിത്രത്തിൽ തന്നെ ആദ്യമായാകും ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ രണ്ടു താരങ്ങൾ ഒരു ക്ലബിൽ ഒരുമിക്കുന്നത്. കളിക്കളത്തിലും പുറത്തും ഒരുമിച്ച് നിൽക്കുന്ന ഈ താരങ്ങളുടെ വരവ് ഇന്റർ മിയാമിക്ക് നേട്ടങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് നേതൃത്വവും ആരാധകരും. ഈ രണ്ടു താരങ്ങൾക്ക് പുറമെ ബാഴ്‌സലോണ വിട്ട മറ്റൊരു താരമായ ജോർദി ആൽബയും അടുത്ത ദിവസങ്ങളിൽ തന്നെ ഇന്റർ മിയാമിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Busquets Join With Messi In Inter Miami