അർജന്റീന ആരാധകർക്ക് ഇനി പ്രതീക്ഷ വേണ്ട, തന്നെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ഡി മരിയ

കോപ്പ അമേരിക്കയിൽ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയത്തോടെ പൂർത്തിയാക്കി. മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ച ടീം അഞ്ചു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നത് അവരുടെ കരുത്ത് വ്യക്തമാക്കുന്നു. ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.

അർജന്റീനയുടെ മുന്നേറ്റത്തിൽ സന്തോഷിക്കുമ്പോൾ തന്നെ ഒരു കാര്യത്തിൽ ആരാധകർ വിഷമത്തിലാണ്. ഈ ടൂർണമെന്റിന് ശേഷം ടീമിലെ ഇതിഹാസമായ ഏഞ്ചൽ ഡി മരിയ ദേശീയ ടീമിനോട് വിട പറയും എന്നതാണ് അതിനു കാരണം. താരത്തെ പിന്തിരിപ്പിക്കാൻ ആരാധകരും താരങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും താൻ തീരുമാനം എടുത്തു കഴിഞ്ഞുവെന്ന് ഡി മരിയ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

“അർജന്റീനക്കൊപ്പം ഇനി ബാക്കിയുള്ള ഏതാനും മത്സരങ്ങൾ ഞാൻ ആസ്വദിക്കുകയാണ്. ചില സമയത്ത് വിഷമം തോന്നാറുണ്ടെങ്കിലും തീരുമാനം എടുത്തു കഴിഞ്ഞതാണ്. ആ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഈ കോപ്പ ദേശീയ ടീമിനൊപ്പം എന്റെ അവസാനത്തേതാണ്. ഇനി ബാക്കിയുള്ള മൂന്നു മത്സരങ്ങളിലും എനിക്ക് കളിക്കണം.” ഡി മരിയ പറഞ്ഞു.

അർജന്റീന ജേഴ്‌സിയിൽ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനമാണ് ഡി മരിയ നടത്തുന്നത്. രണ്ടു മത്സരങ്ങളിൽ ആദ്യ ഇലവനിലും ഒരു മത്സരത്തിൽ പകരക്കാരനായും ഇറങ്ങിയ ഡി മരിയ പെറുവിനെതിരെ ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു. താരത്തിന് ഇനിയും ഒരുപാട് നൽകാൻ കഴിയുമെന്നിരിക്കെ വിരമിക്കൽ പ്രഖ്യാപിക്കരുതെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

എന്നാൽ ഡി മരിയ തന്റെ തീരുമാനം എടുത്തു കഴിഞ്ഞുവെന്നാണ് ഈ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അർജന്റീന ടീമിനൊപ്പം എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ കരിയറിൽ ഡി മരിയക്ക് കഴിഞ്ഞു. ഇനി താരം വിട പറയുന്നത് ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടത്തോടു കൂടിയാകണേ എന്നാണു അർജന്റീന ആരാധകർ പ്രാർത്ഥിക്കുന്നത്.