ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യം, ഗോളിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്ത്

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. കരുത്ത് കുറഞ്ഞ ടീമുകൾക്കെതിരെയായിരുന്നെങ്കിലും രണ്ടു മത്സരങ്ങളിൽ വമ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. റെക്കോർഡ് ഗോൾവേട്ട നടത്തിയ ഈ രണ്ടു മത്സരങ്ങളിലെ പ്രകടനം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു വരാനും ക്ലബ്ബിനെ സഹായിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ മികച്ച പ്രകടനം നടത്തിയ കളിക്കാരിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡ്യൂറൻഡ് കപ്പിൽ ഇതുവരെയുള്ള ഗോൾവേട്ടയിലും അസിസ്റ്റുകൾ നൽകിയ താരങ്ങളിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ കളിക്കുന്ന നോവ സദോയി, ക്വാമേ പെപ്ര എന്നിവരാണ്.

എഫ്‌സി ഗോവയിൽ നിന്നും ഈ സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ നോവ സദോയി ടീമിനായി ഗംഭീര തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിലെ മൂന്നു മത്സരങ്ങളിൽ ഇറങ്ങിയ താരം രണ്ടു മത്സരങ്ങളിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി ആറു ഗോളുകളോടെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

നോവ സദോയിക്ക് മികച്ച പിന്തുണ നൽകി ക്വാമേ പെപ്ര അസിസ്റ്റ് വേട്ടയിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നു. മൂന്നു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾക്കാണ് താരം വഴിയൊരുക്കിയത്. അതിനു പുറമെ മൂന്നു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞു. മൊഹമ്മദ് അയ്‌മൻ, നോവ സദോയി എന്നിവരും രണ്ട് വീതം അസിസ്റ്റുകൾ നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഈ പ്രകടനം ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെങ്കിലും വമ്പൻ ടീമുകൾക്കെതിരെ ഇതാവർത്തിക്കാൻ കഴിയുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഡ്യൂറൻഡ് കപ്പിൽ ഇനി ബാക്കിയുള്ള നോക്ക്ഔട്ട് മത്സരത്തിലെ പ്രകടനം വിലയിരുത്തിയാലേ അതിനെക്കുറിച്ചൊരു ചിത്രം ലഭിക്കുകയുള്ളൂ.