ഒരു പയ്യന് എന്തു ചെയ്യാൻ കഴിയുമെന്ന് കാണിച്ചു കൊടുക്കും, മെസിയെ വെല്ലുവിളിച്ച് ഇരുപതുകാരൻ | Messi

ലയണൽ മെസി വന്നതിനു ശേഷം മിന്നുന്ന പ്രകടനം നടത്തുന്ന ഇന്റർ മിയാമി അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്. ലീഗ്‌സ് കപ്പിൽ തുടർച്ചയായി ഏഴു മത്സരങ്ങൾ കളിച്ച ടീം അതിൽ കിരീടം സ്വന്തമാക്കിയിരുന്നു. അതിനു ശേഷം യുഎസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനൽ കളിച്ചതിലും ഇന്റർ മിയാമി വിജയം സ്വന്തമാക്കി. മെസി വന്നതിനു ശേഷം ഇതുവരെ അമേരിക്കൻ ലീഗിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന ഇന്റർ മിയാമി അടുത്ത മത്സരത്തിൽ അതിനായി ഒരുങ്ങുകയാണ്.

എംഎൽഎസിൽ ഏറ്റവും അവസാന സ്ഥാനത്തു നിൽക്കുന്ന ഇന്റർ മിയാമി ലീഗ് പോയിന്റ് ടേബിളിൽ മുന്നേറുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത മത്സരത്തിനായി ഇറങ്ങുന്നത്. ന്യൂയോർക്ക് റെഡ് ബുൾസാണ് അടുത്ത മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ. എന്നാൽ അടുത്ത മത്സരത്തിനായി ഇറങ്ങുന്ന മെസിക്കും ഇന്റർ മിയാമിക്കും ഇപ്പോഴേ മുന്നറിയിപ്പുമായി എതിരാളികൾ എത്തിയിട്ടുണ്ട്. ന്യൂയോർക്ക് റെഡ്‌ബുൾസിന്റെ ഇരുപതുകാരനായ താരം എഡെൽമാനാണ് മെസിക്ക് മുന്നറിയിപ്പ് നൽകിയത്.

“ഞാൻ മെസിയുടെ പ്രകടനം കണ്ടിട്ടുണ്ട്, ഞാൻ ആദ്യമായി ശ്രദ്ധിച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ക്യാമ്പ് ന്യൂവിൽ മെസിയുടെ മത്സരം ഞാൻ കണ്ടിരുന്നു, മറക്കാനാവാത്ത അനുഭവമാണ് അതു നൽകിയത്. എന്നാൽ മറ്റൊരു തരത്തിൽ നോക്കുമ്പോൾ മെസി ലീഗിൽ കളിക്കുന്ന മറ്റൊരു താരം മാത്രമാണ്. ലീഗിലെ മറ്റൊരു താരത്തെപ്പോലെ തന്നെ മെസിയെ ഞാൻ തടുക്കാൻ ശ്രമിക്കും. ന്യൂ ജേഴ്‌സിയിലെ ഒരു പയ്യന് എന്താണ് ചെയ്യാൻ കഴിയുകയെന്നു ഞാൻ കാണിച്ചു കൊടുക്കും.” ഡാനിയൽ എഡെൽമാൻ പറഞ്ഞു.

ലയണൽ മെസി വന്നതിനു ശേഷമുള്ള ഇന്റർ മിയാമിയുടെ ഫോം പരിഗണിക്കുമ്പോൾ ന്യൂയോർക്ക് റെഡ്‌ബുൾസ് അത്ര വലിയ എതിരാളികളാണെന്ന് കരുതാൻ കഴിയില്ല. ഈസ്റ്റേൺ കോൺഫറൻസിലെ ഒന്നാം സ്ഥാനക്കാരായ സിൻസിനാറ്റിയെ കീഴടക്കിയ ഇന്റർ മിയാമിക്ക് പതിനൊന്നാം സ്ഥാനത്തുള്ള റെഡ്‌ബുൾസ് ഭീഷണിയാകുമോ എന്നു കണ്ടറിയണം. ലയണൽ മെസി മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ല. താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്ന സൂചനകൾ പരിശീലകൻ നൽകുന്നുണ്ട്.

Edelman Says He Can Stop Messi