മധ്യനിരതാരത്തെ ഗോളടിയന്ത്രമായി മാറ്റിയ മാജിക്ക്, റയൽ മാഡ്രിഡിന്റെ ഹീറോയായി ജൂഡ് ബെല്ലിങ്ങ്ഹാം | Bellingham

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പെ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ച റയൽ മാഡ്രിഡ് ആരാധകർ നിരാശരായെങ്കിലും അതിനു പകരം വമ്പനൊരു സൈനിങ്‌ ക്ലബ് നടത്തിയിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും നൂറു മില്യണിലധികം നൽകി ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ് ബെല്ലിങ്‌ഹാമിനെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. തനിക്ക് വേണ്ടി റയൽ മാഡ്രിഡ് മുടക്കിയ തുകയോട് നീതി പുലർത്തുന്ന പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി ഇരുപതുകാരനായ താരം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ സെൽറ്റ വിഗോയുടെ മൈതാനത്തു നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. സെൽറ്റ വീഗൊ റയൽ മാഡ്രിഡിനെ പരീക്ഷിച്ചു കൊണ്ടിരുന്ന മത്സരം സമനിലയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ജൂഡ് ബെല്ലിങ്ങ്ഹാം എൺപത്തിയൊന്നാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ സ്വന്തമാക്കുന്നത്. സമ്മറിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയ സ്‌ട്രൈക്കർ ജോസെലുവിന്റെ അസിസ്റ്റിൽ ഹെഡറിലൂടെയാണ് ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്. റയൽ മാഡ്രിഡിനായി ഇതോടെ മൂന്നു ലാ ലിഗ മത്സരങ്ങൾ കളിച്ച ബെല്ലിങ്ങ്ഹാം അതിൽ മൂന്നെണ്ണത്തിലും ഗോൾ സ്വന്തമാക്കുകയുണ്ടായി.

നാല് ഗോളുകളാണ് താരം തന്റെ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ നിന്നും നേടിയത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം റയൽ മാഡ്രിഡിനായി ആദ്യത്തെ മൂന്നു മത്സരങ്ങളിൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇംഗ്ലണ്ട് താരത്തിന് സ്വന്തമായി. രണ്ടു താരങ്ങളും നാല് ഗോളുകളാണ് ആദ്യത്തെ മൂന്നു മത്സരങ്ങളിൽ നിന്നും നേടിയത്. ഈഡൻ ഹസാർഡ് നാല് സീസണിൽ റയൽ മാഡ്രിഡിൽ കളിച്ച് നാല് ലീഗ് ഗോളുകൾ മാത്രമാണ് നേടിയിരിക്കുന്നതെന്ന് ഇതിനൊപ്പം ചേർത്ത് വായിക്കാം.

ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇപ്പോഴത്തെ ഫോമിന് നന്ദി പറയേണ്ടത് കാർലോ ആൻസലോട്ടിയോടു കൂടിയാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ സെൻട്രൽ മിഡ്‌ഫീൽഡിലും ഡിഫൻസീവ് മിഡ്‌ഫീൽഡിലും കൂടുതൽ കളിച്ചിരുന്ന താരത്തെ അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിൽ ഇറക്കി ആക്രമിക്കാനുള്ള സ്വാതന്ത്ര്യം നൽകിയത് ജൂഡിന്റെ പ്രകടനത്തെ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. വിനീഷ്യസ്, റോഡ്രിഗോ എന്നീ താരങ്ങൾ ഇരുവശത്തുമുള്ളത് താരത്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നു. എന്തായാലും എംബാപ്പെ വന്നില്ലെങ്കിലും അതുപോലെ ഗോളടിച്ചു കൂട്ടുന്ന മറ്റൊരു താരമെത്തിയതിന്റെ ആവേശത്തിലാണ് റയൽ ആരാധകർ.

Bellingham Match Ronaldo Record With Real Madrid