റൊണാൾഡോയെ മറികടക്കാമെന്ന് മെസി വിചാരിക്കേണ്ട, ഈ പോരാട്ടവീര്യത്തിന് പകരം വെക്കാൻ ആർക്കുമാവില്ല | Ronaldo

അൽ നാസറും അൽ ഫത്തേഹും തമ്മിലുള്ള സൗദി പ്രൊ ലീഗ് മത്സരം കഴിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനമാണ് വാർത്തകളിൽ നിറയുന്നത്. മത്സരത്തിൽ ആദ്യത്തെ ഗോളിന് ഒരു ബാക്ക്ഹീൽ അസിസ്റ്റ് നൽകി തുടക്കമിട്ട റൊണാൾഡോ അതിനു ശേഷം മൂന്നു ഗോളുകൾ നേടുകയുണ്ടായി. മാനെയും ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ച അൽ നസ്ർ സീസണിൽ ലീഗിലെ ആദ്യത്തെ വിജയം കൂടിയാണ് സ്വന്തമാക്കിയത്.

ഈ ഗോൾനേട്ടങ്ങളിലൂടെ ലയണൽ മെസിയുമായി പല കാര്യങ്ങളിലും അകലം വർധിപ്പിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിലെ ഹാട്രിക്കോടെ പ്രൊഫെഷണൽ കരിയറിൽ അറുപത്തിമൂന്നാം ഹാട്രിക്കാണ് റൊണാൾഡോ നേടിയത്. ഏറ്റവുമധികം ഹാട്രിക്കുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ റൊണാൾഡോ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അൻപത്തിയേഴു ഹാട്രിക്കുകൾ സ്വന്തമായുള്ള ലയണൽ മെസി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

ഇതിനു പുറമെ കരിയർ ഗോളുകളുടെ എണ്ണത്തിലും ലയണൽ മെസിയുമായുള്ള അകലം വർധിപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലത്തെ മത്സരത്തിലെ ഹാട്രിക്ക് നേട്ടത്തിലൂടെ കഴിഞ്ഞു. റൊണാൾഡോ കരിയറിൽ 847 ഗോളുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസി 817 ഗോളുകളാണ് നേടിയിരിക്കുന്നത്. അതേസമയം മെസിയെക്കാൾ 141 മത്സരങ്ങൾ അധികം കളിച്ചാണ് റൊണാൾഡോ ഇത്രയും ഗോളുകൾ അധികം നേടിയിരിക്കുന്നതെന്ന കാര്യം കൂടി ശ്രദ്ധിക്കണം.

ഇന്നലത്തെ മത്സരത്തിലെ ഗോളോടെ തുടർച്ചയായ ഇരുപത്തിയൊന്ന് സീസണുകളിൽ ലീഗ് ഗോളുകൾ നേടുകയെന്ന നേട്ടവും റൊണാൾഡോയെ തേടിയെത്തി. ആദ്യത്തെ രണ്ടു ലീഗ് മത്സരങ്ങളിലും ഗോൾ നേടാൻ കഴിയാതിരുന്ന റൊണാൾഡോ അതിനു തുടക്കമിട്ടത് രാജകീയമായി തന്നെയാണ്. മുപ്പത്തിയെട്ടാം വയസിലും താരം നടത്തുന്ന ഈ പ്രകടനം ആരാധകർക്ക് ആവേശം നൽകുന്നതാണ്. അതിനു പുറമെ മെസിയുടെ മുന്നിലെത്താനുള്ള ഇച്ഛാശക്തിയും അതിലുണ്ടെന്നതിൽ തർക്കമില്ല.

Ronaldo Distance Himself From Messi After Hattrick