അറുപത്തിമൂന്നാം ഹാട്രിക്കും അവിശ്വസനീയ ബാക്ക്ഹീൽ അസിസ്റ്റും, സൗദിയിൽ മുപ്പത്തിയെട്ടുകാരന്റെ അഴിഞ്ഞാട്ടം | Ronaldo

മുപ്പത്തിയെട്ടാം വയസിലും തന്റെ ഗോളടിമികവിനു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം അൽ ഫത്തെയും അൽ നസ്‌റും തമ്മിൽ നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ അൽ നസ്ർ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടിയപ്പോൾ റൊണാൾഡോ ഹാട്രിക്കും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. സൗദി പ്രൊ ലീഗിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ അൽ നസ്‌റിന്റെ ആദ്യത്തെ വിജയമായിരുന്നു ഇത്.

മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിൽ സാഡിയോ മാനെയാണ് അൽ നസ്‌റിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. റൊണാൾഡോ നൽകിയ ബാക്ക്ഹീൽ അസിസ്റ്റ് അതിമനോഹരമായ ഒന്നായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു ശേഷം സുൽത്താൻ അൽ ഗന്നം നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് മുപ്പത്തിയെട്ടാം മിനുട്ടിൽ റൊണാൾഡോ ടീമിന്റെ ലീഡ് ഉയർത്തി. ഈ സീസണിൽ സൗദി ലീഗിൽ റൊണാൾഡോയുടെ ആദ്യത്തെ ഗോളായിരുന്നു അത്.

രണ്ടാം പകുതിയാരംഭിച്ച് അൻപത്തിയഞ്ചാം മിനുട്ടിൽ തന്നെ റൊണാൾഡോ രണ്ടാമത്തെ ഗോൾ നേടി. ബ്രോസോവിച്ച് നൽകിയ ലോങ്ങ് പാസ് പിടിച്ചെടുത്ത ഗരീബ് പന്ത് റൊണാൾഡോക്ക് നൽകിയപ്പോൾ താരത്തിനു ഗോളിയെ കീഴടക്കുക മാത്രമേ വേണ്ടി വന്നുള്ളൂ. അതിനു പിന്നാലെ ഗരീബിന്റെ തന്നെ അസിസ്റ്റിൽ സാഡിയോ മാനെ തന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിലാണ് റൊണാൾഡോയുടെ ഹാട്രിക്ക് ഗോൾ പിറക്കുന്നത്. നവാഫ് ബൗഷലിന്റെ പാസ് വലയിലേക്ക് ഒന്ന് തട്ടിയിടേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കരിയറിൽ അറുപത്തിമൂന്നാമത്തെ ഹാട്രിക്കാണ് റൊണാൾഡോ സ്വന്തമാക്കുന്നത്. സൗദി പ്രൊ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും അപ്രതീക്ഷിതമായ തോൽവി വഴങ്ങിയെങ്കിലും എഎഫ്‌സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിനു ശേഷം അൽ നസ്‌റിന്റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ടെന്ന് ഈ മത്സരത്തിലെ വിജയത്തിൽ നിന്നും വ്യക്തമാണ്. റൊണാൾഡോ, മാനെ, ബ്രോസോവിച്ച് തുടങ്ങിയ താരങ്ങൾ അടങ്ങിയ അൽ നസ്ർ കൂടുതൽ ഒത്തൊരുമയോടെ കളിക്കുന്നത് മറ്റു ടീമുകൾക്ക് ഭീഷണിയാണ്.

Ronaldo Hattrick Against Al Fateh