റൊണാൾഡോയല്ല, മെസി തന്നെയാണ് ഫുട്ബോൾ ഗോട്ട്; നിലപാട് മാറ്റി തോമസ് മുള്ളർ | Messi

ഫുട്ബോൾ ലോകത്ത് ഒരുപാട് കാലം നിലനിന്ന തർക്കമാണ് ലയണൽ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ചരിത്രത്തിലെ മികച്ച താരമെന്നത്. മെസി ആരാധകർ മെസിയുടെ നേട്ടങ്ങളും റൊണാൾഡോ ആരാധകർ താരത്തിന്റെ നേട്ടങ്ങളും നിരത്തി ഒരുപാട് കാലം ഇതേക്കുറിച്ച് തർക്കം നടത്തുകയുണ്ടായി. എന്നാൽ ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തോടെ മെസി കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയതോടെ ഈ തർക്കത്തിന് ഒരു അവസാനമുണ്ടായി.

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതോടെ മുൻപ് റൊണാൾഡോ ഗോട്ടാണെന്ന് പറഞ്ഞ പലരും അത് മാറ്റിപ്പറയുകയുണ്ടായി. ആ കൂട്ടത്തിലെ ഏറ്റവും അവസാനത്തെ കളിക്കാരനാവുകയാണ് ജർമൻ താരം തോമസ് മുള്ളർ. മുൻപ് മെസിക്കെതിരെ തനിക്ക് മികച്ച റെക്കോർഡുകൾ ഉള്ളതിനാൽ റൊണാൾഡോയാണ് മികച്ച താരമെന്നാണ് മുള്ളർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മെസിയാണ് ചരിത്രത്തിലെ മികച്ച താരമെന്നാണ് മുള്ളർ പറഞ്ഞത്.

“ആരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം? എന്നെ സംബന്ധിച്ച് ലയണൽ മെസിയാണ്. കാരണം തന്റെ മനോഹാരിത കാണാൻ വേണ്ടി ആളുകളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ ലയണൽ മെസിക്കാണു കഴിയുന്നത്. അതിനൊപ്പം തന്നെ ഗോളുകൾ നേടാനും കിരീടങ്ങളും റെക്കോർഡുകളും സ്വന്തമാക്കാനും ലയണൽ മെസിക്ക് കഴിയുന്നു. കിരീടനേട്ടങ്ങളുടെയും മറ്റു കണക്കുകളുടെയും കാര്യത്തിൽ റൊണാൾഡോ ഒരു എതിരാളിയാണെങ്കിലും മനോഹാരിതയും സൂക്ഷ്‌മതയും കൊണ്ട് മെസി തന്നെയാണ് എപ്പോഴും മുന്നിൽ നിൽക്കുന്നത്.” മുള്ളർ പറഞ്ഞു.

ഖത്തർ ലോകകപ്പിൽ മെസി കിരീടം സ്വന്തമാക്കിയതോടെ റൊണാൾഡോയെ പിന്തുണച്ചവരിൽ നിന്നും മെസിയിലേക്ക് കൂടുമാറിയ നിരവധി പേരിൽ ഒരാളാണ് തോമസ് മുള്ളർ. ലോകകപ്പ് നേട്ടത്തോടെ പെലെ, മറഡോണ എന്നിവർക്കൊപ്പമോ അതിനു മുകളിലെത്താൻ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നു. അതിനു ശേഷം ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി തന്റെ ഗംഭീര പ്രകടനം അമേരിക്കയിലും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

Thomas Muller Says Messi Is The GOAT