ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും സേവനമനുഷ്‌ഠിച്ച പട്ടാളക്കാരൻ, മെസിയുടെ ബോഡിഗാർഡ് ചില്ലറക്കാരനല്ല | Messi

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം നടത്തുന്ന പ്രകടനം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഇന്റർ മിയാമിക്കൊപ്പം മെസി കളിച്ച എട്ടു മത്സരങ്ങളിലും അവർ വിജയം നേടിയപ്പോൾ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടവും അവർ സ്വന്തമാക്കി. അതേസമയം ലയണൽ മെസിയുടെ പ്രകടനത്തിന്റെ ഒപ്പം തന്നെ ഇന്റർ മിയാമിയിൽ താരത്തെ വിടാതെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ബോഡിഗാർഡും ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. നിരവധി പേരാണ് മെസിയുടെ ബോഡിഗാർഡിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്.

യാസിൻ ചുവെക്കോയെന്ന ലയണൽ മെസിയുടെ ബോഡിഗാർഡ് ചില്ലറക്കാരനല്ല. യുഎസ് ആർമിയിൽ പട്ടാളക്കാരനായി ഉണ്ടായിരുന്ന അദ്ദേഹം ഇറാഖ്, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. അതിനു പുറമെ മിക്‌സഡ് മാർഷ്യൽ ആർട്ട്സിൽ പ്രഗൽഭനായ അദ്ദേഹത്തിനു റ്റാക്വോണ്ടോ, ബോക്‌സിംഗ് തുടങ്ങിയവയിൽ മികവുണ്ട്. ബെക്കാമിന്റെ നിർശേഷപ്രകാരമാണ് ചുവെക്കോയെ മെസിയുടെ ബോഡിഗാർഡായി നിയമിച്ചത്.

ലയണൽ മെസിയെ മിക്ക സമയത്തും പരിരക്ഷിക്കുകയെന്ന ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ടീം ബസിലും സ്റ്റേഡിയത്തിലേക്ക് എത്തുമ്പോഴും ലോക്കർ റൂമിലും, എന്തിനു മൈതാനത്തിൽ കളിക്കുന്ന സമയത്ത് പോലും അദ്ദേഹത്തിന് കൃത്യമായ സുരക്ഷ ലഭിക്കുന്നുണ്ട്. മെസി മൈതാനത്ത് കളിക്കുമ്പോൾ സൈഡ്ലൈനിലൂടെ നടക്കുന്ന യാസിന്റെ വീഡിയോ വൈറലായിരുന്നു. അതിനു പുറമെ പിച്ച് ഇൻവേഡേഴ്‌സ്, മെസിക്കൊപ്പം ചിത്രമെടുക്കാൻ വരുന്നവർ എന്നിവരെയെല്ലാം അദ്ദേഹം കൃത്യമായി നിയന്ത്രിക്കുന്നു.

തന്റെ ജോലി യാസിൻ വളരെ കൃത്യമായി ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ജോലിയിൽ അദ്ദേഹം കൂടുതൽ ഗൗരവം കാണിക്കുന്നുവെന്നും ഒരീച്ച പോലും മെസിയെ തൊടാൻ അനുവദിക്കുന്നില്ലെന്നുമാണ് പല ആരാധകരും ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ലയണൽ മെസിയുടെ ബോഡിഗാർഡായി ജോലി ലഭിച്ചതോടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിയായി മാറാൻ യാസീന് കഴിഞ്ഞിട്ടുണ്ട്.

Messi Bodyguard Is A Ex US Army Man