ഇന്ത്യ എട്ടിന്റെ പണി കൊടുത്തു, റൊണാൾഡോ ആളില്ലാത്ത സ്റ്റേഡിയത്തിൽ കളിക്കണം | Ronaldo

എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ നറുക്കെടുപ്പ് വന്നപ്പോൾ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് കളിക്കാനെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ റൊണാൾഡോയുടെ അൽ നസ്റിന് പകരം നെയ്‌മർ കളിക്കുന്ന അൽ ഹിലാലാണ് ഇന്ത്യയിലേക്ക് വരാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ സിറ്റി എഫ്‌സിയും നെയ്‌മർ ജൂനിയർ കളിക്കുന്ന അൽ ഹിലാലും എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ അൽ നസ്‌റിന്റെ എതിരാളികളിൽ ഒരു ടീം ഇറാനിയൻ ക്ലബായ പെർസപൊളിസാണ്. എന്നാൽ അവരുടെ മൈതാനത്ത് റൊണാൾഡോ കളിക്കാനെത്തുമ്പോൾ സ്റ്റേഡിയത്തിലേക്ക് ഒരു ആരാധകനു പോലും പ്രവേശനമുണ്ടാകില്ല. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ക്ലബിനെതിരെ സ്വീകരിച്ച ശിക്ഷാനടപടിയാണ് ഇതിനു കാരണം. അതിലേക്കു വഴി വെച്ചത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പരാതിയും.

2021ൽ എഫ്‌സി ഗോവയും പെർസപൊളിസും എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയിരുന്നു. അതിനു മുൻപ് ഇറാനിയൻ ക്ലബ് ഇന്ത്യയിലേക്കുള്ള ഇറാനിയൻ അധിനിവേശത്തെ പ്രതിപാദിച്ച് ഇട്ട പോസ്റ്റാണ് എല്ലാറ്റിനും കാരണമായത്. അത് ഇന്ത്യയിലെ ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. ഇതേത്തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരാതി നൽകുകയായിരിക്കുന്നു. ഇതിൽ നടപടിയെടുത്ത എഎഫ്‌സി ഇറാനിയൻ ക്ലബിന്റെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം അടച്ചിട്ട മൈതാനത്ത് നടത്താൻ വിധിക്കുകയായിരുന്നു.

ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ തങ്ങളുടെ ക്ലബിന്റെ മൈതാനത്തേക്ക് കളിക്കാനെത്തുമ്പോൾ ഒരു ആരാധകനു പോലും മത്സരം കാണാൻ കഴിയാത്ത സാഹചര്യമാണ് പെർസപൊളിസ് ഫാൻസ്‌ നേരിടുന്നത്. ഇതേത്തുടർന്ന് എഫ്‌സി ഗോവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇറാനിയൻ ക്ലബിന്റെ നിരവധി ആരാധകർ ക്ഷമാപണവുമായി രംഗത്തു വരുന്നുണ്ട്. എന്നാൽ ക്ലബിനെതിരെയുള്ള വിലക്ക് എഎഫ്‌സി പിൻവലിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Ronaldo To Play In Closed Stadium Due To India Complaints