മെസിക്കു ലോകകപ്പ് തന്നെ നൽകിയെങ്കിൽ ലീഗ്‌സ് കപ്പ് നൽകാനാണോ പ്രയാസം, ഇന്റർ മിയാമിയുടെ കിരീടനേട്ടം ഒത്തുകളിയെന്ന് മെക്‌സിക്കൻ ജേർണലിസ്റ്റ് | Messi

ഖത്തർ ലോകകപ്പിൽ അർജന്റീന പൊരുതിയാണ് കിരീടം സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകുമെന്ന വിമർശനം ഉന്നയിച്ചവർക്ക് മുന്നിൽ പിന്നീടുള്ള ഓരോ മത്സരത്തിലും അവസാനശ്വാസം വരെ പൊരുതിയ മെസിയും സംഘവും ലോകത്തിനു മുന്നിൽ കിരീടം ഉയർത്തി. ഇതോടെ കരിയറിൽ ഇനി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ലാതെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ലയണൽ മെസി മാറി.

എന്നാൽ ഖത്തർ ലോകകപ്പിൽ ലയണൽ മെസിയും അർജന്റീനയും കിരീടമുയർത്തിയത് ഒത്തുകളിയാണെന്ന് വിശ്വസിക്കുന്നവർ നിരവധിയുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പലരും ഇത്തരത്തിലുള്ള ബാലിശമായ കാര്യങ്ങൾ ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ ലയണൽ മെസി ഇന്റർ മിയാമിയിലെത്തി മികച്ച പ്രകടനം നടത്തി കിരീടങ്ങൾ സ്വന്തമാക്കുമ്പോഴും സമാനമായ അഭിപ്രായം പലരും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു മെക്‌സിക്കൻ ജേർണലിസ്റ്റ് ഇന്റർ മിയാമിയുടെ ലീഗ്‌സ് കപ്പ് ഫൈനൽ വിജയം ഒത്തുകളിയാണെന്ന വിമർശനം ഉന്നയിക്കുകയുണ്ടായി.

“ക്ലബ് അമേരിക്കയുമായി നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ നാഷ്‌വില്ലെ ഗോൾകീപ്പർ ജിയാൻലൂയിജി ബഫണിനു തുല്യമായ രീതിയിലായിരുന്നു. എന്നാൽ ഇന്റർ മിയാമിക്കെതിരെ താരത്തിന്റെ പ്രകടനം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. മെസി കപ്പാണത്. മെസിക്കൊരു ലോകകപ്പ് നൽകാൻ കഴിയുമെങ്കിൽ ലീഗ്‌സ് കപ്പ് നൽകുന്നത് അത്ര വലിയ കാര്യമല്ല. ഒരു ചാമ്പ്യൻഷിപ്പ് നന്നായി വിജയിക്കുന്നതും ചാമ്പ്യൻഷിപ്പ് വെറുതെ നൽകുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.” ജേർണലിസ്റ്റായ അഗുസ് ഷാവേസ് പറഞ്ഞു.

നാഷ്‌വില്ലെയും ക്ലബ് അമേരിക്കയും തമ്മിൽ നടന്ന പ്രീ ക്വാർട്ടർ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ഗോൾകീപ്പറാണ് ടീമിന്റെ രക്ഷകനായി വന്നത്. അതേസമയം ഇന്റർ മിയാമിക്കെതിരായ മത്സരത്തിൽ അതാവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ പതിനൊന്നു കിക്കുകളാണ് രണ്ടു ടീമുകൾക്കും എടുക്കേണ്ടി വന്നത്. അവസാന കിക്കെടുത്ത ഇന്റർ മിയാമി ഗോൾകീപ്പർ അത് നഷ്‌ടപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടമാണ് ലീഗ്‌സ് കപ്പ്.

Mexican Journalist Against Messi Leagues Cup Win