റൊണാൾഡോ രണ്ടാമനാകും, മൊഹമ്മദ് സലായെ റാഞ്ചാൻ സൗദി അറേബ്യ ഒരുങ്ങുന്നു | Salah

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിലെ വമ്പൻ താരങ്ങളെ ഒന്നൊന്നായി റാഞ്ചുന്ന സൗദി അറേബ്യയുടെ പുതിയ ലക്‌ഷ്യം ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ് സലാ. താരത്തിനായി നേരത്തെ സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തഴയപ്പെടുകയായിരുന്നു. എന്നാൽ ഈജിപ്ഷ്യൻ താരത്തിനെ മനസു മാറ്റാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെല്ലുന്ന പ്രതിഫലമാണ് സൗദി ക്ലബായ അൽ ഇത്തിഹാദ് ഓഫർ ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിരവധി വർഷങ്ങളായി ക്ളോപ്പിന്റെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി തുടരുന്ന സലായെ വിൽക്കാൻ ക്ലബിന് യാതൊരു താൽപര്യവുമില്ല. സലാ പോയാൽ ഈ സീസണിൽ ലിവർപൂളിന്റെ ഈ സീസണിലെ എല്ലാ പ്രതീക്ഷകളും തകരുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അതിനാൽ തന്നെ സൗദി അറേബ്യൻ ക്ലബുമായി ചർച്ചകൾക്ക് പോലും ലിവർപൂളിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്രയും വലിയൊരു ഓഫർ സലായെ മോഹിപ്പിക്കാനുള്ള സാധ്യതയുണ്ട്.

അൽ ഇത്തിഹാദിനു താരത്തെ സ്വന്തമാക്കാനുള്ള ഒരേയൊരു വഴി സലാ തന്നെ ട്രാൻസ്‌ഫറിനു വേണ്ടി സമ്മർദ്ദം ചെലുത്തുകയെന്നതാണ്. അതിനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചിട്ടുമുണ്ട്. നിലവിൽ തന്നെ ബെൻസിമ, ഫാബിന്യോ, കാന്റെ, ജോട്ട എന്നീ താരങ്ങളെ സ്വന്തമാക്കിയതിനു പിന്നാലെയാണ് അൽ ഇത്തിഹാദ് സലായെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ സ്വീകരിക്കാൻ ഈജിപ്ഷ്യൻ താരം തീരുമാനിച്ചാൽ ലിവർപൂളിന് പിന്നൊന്നും ചെയ്യാൻ കഴിയില്ല.

മുപ്പത്തിയൊന്നുകാരനായ സലാ നിരവധി വർഷങ്ങളായി പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമാണ്. ഒരുപാട് കാലം മോശം ഫോമിലായിരുന്നു ലിവർപൂളിന്റെ തിരിച്ചു വരവിൽ നിർണായക പങ്കു വഹിച്ച താരം സാധ്യമായ എല്ലാ നേട്ടങ്ങളും ക്ലബിനൊപ്പം സ്വന്തമാക്കി. തികഞ്ഞ ഒരു ഇസ്‌ലാം മതവിശ്വാസി കൂടിയായ സലാ ആ രീതിയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതും താരത്തിന് റെക്കോർഡ് പ്രതിഫലം നൽകാനുള്ള കാരണമായിട്ടുണ്ട്. സല ഓഫർ സ്വീകരിച്ചാൽ റൊണാൾഡോ രണ്ടാം സ്ഥാനത്തേക്ക് പോകുമെന്നതിൽ സംശയമില്ല.

Al Ittihad Want Mohamed Salah