നെയ്‌മർ ഇന്ത്യയിലെത്തുന്ന തീയതി തീരുമാനമായി, എന്നാൽ ആരാധകർ നിരാശരാണ് | Neymar

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശം നൽകിയാണ് മുംബൈ സിറ്റി എഫ്‌സിയും സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലും എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത്. ഇതോടെ ബ്രസീലിയൻ താരമായത് നെയ്‌മർ ഉൾപ്പെടെ വലിയൊരു താരനിര ഇന്ത്യയിലേക്ക് കളിക്കാനെത്താനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. നെയ്‌മർ, കൂളിബാളി, മിലിങ്കോവിച്ച് സാവിച്ച്, മാൽക്കം, മിട്രോവിച്ച്, റൂബൻ നെവസ് തുടങ്ങി നിരവധി വമ്പൻ താരങ്ങൾ അടങ്ങിയ ക്ലബാണ് അൽ ഹിലാൽ.

നറുക്കെടുപ്പ് പൂർത്തിയായതു മുതൽ എന്നാണു ഇന്ത്യയിൽ വെച്ച് അൽ ഹിലാലും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം നടക്കുകയെന്നാണ് ആരാധകർ ഉറ്റു നോക്കിയിരുന്നത്. ഇപ്പോൾ അതേപ്പറ്റി പ്രമുഖ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈ സിറ്റിയുടെ മൈതാനത്ത് അൽ ഹിലാൽ കളിക്കാനെത്തുക നവംബർ 6 നാണെന്നാണ് അദ്ദേഹം പറയുന്നത്. ഗ്രൂപ്പിലെ മറ്റു ടീമുകളുമായുള്ള മുംബൈ സിറ്റിയുടെ ഹോം മത്സരം സെപ്‌തംബർ 18, ഡിസംബർ 4 എന്നീ തീയതികളിൽ നടക്കുമെന്നും അറിയിച്ചു.

അതേസമയം ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നെയ്‌മർ ഇന്ത്യയിൽ കളിക്കാനെത്തുമ്പോൾ ആരാധകർക്ക് വലിയൊരു നിരാശയുണ്ട്. മുംബൈ സിറ്റിയുടെ ഹോം മത്സരങ്ങൾ സ്ഥിരമായി നടക്കാറുള്ള മൈതാനത്താവില്ല ഈ മത്സരം നടക്കുക. ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനായി ആ സ്റ്റേഡിയം വിട്ടു കൊടുക്കേണ്ടി വന്നതിനാൽ പൂനെയിലെ ബാലെവാഡിയിലുള്ള ശ്രീ ശിവ് ഛത്രപതി സ്പോർട്ട്സ് കോംപ്ലെക്‌സിലാണ് മത്സരം നടക്കുക. വെറും 11600 പേർക്ക് മാത്രമിരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണിത്.

ഇത്രയും വലിയ താരനിര ഇന്ത്യയിലേക്ക് കളിക്കാനെത്തുമ്പോൾ ഇത്രയും കുറഞ്ഞ കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നും ആരാധകർ മത്സരം കാണാനെത്തുമെന്നിരിക്കെ ടിക്കറ്റ് ലഭിക്കാതെ അവർ നിരാശരായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ഇന്ത്യയിലേക്ക് ഇത്രയും വലിയ താരങ്ങൾ വരുന്നത് ഇന്ത്യൻ ഫുട്ബോളിന് വലിയ കുതിപ്പ് നൽകുമെന്നതിൽ സംശയമില്ല.

Neymar Al Hilal To Play In India On November 6