അർജന്റീന താരങ്ങൾക്ക് ദേശീയ ടീമിനോടുള്ള വികാരം മറ്റുള്ളവർക്കില്ല, സൗദിയിൽ നിന്നും വമ്പൻ ഓഫർ തഴഞ്ഞുവെന്നും ഡി മരിയ | Di Maria

ആരാധകരുടെ നിരവധി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഖത്തർ ലോകകപ്പ് അടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന സ്വന്തമാക്കിയത്. ഈ മൂന്നു കിരീടനേട്ടങ്ങളും അർജന്റീന താരങ്ങളും ആരാധകരും വലിയ രീതിയിൽ തന്നെ ആഘോഷിക്കുകയും ചെയ്‌തിരുന്നു. ഒരുപാട് കാത്തിരുന്നു നേടിയതായതിനാൽ തന്നെ ഇപ്പോഴും ആരാധകരും താരങ്ങളും ഈ നേട്ടങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീനയുടെ നിരവധി താരങ്ങൾക്ക് സൗദി അറേബ്യയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും ഒരാൾ പോലും ഓഫർ സ്വീകരിച്ചില്ല. നിലവിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ദേശീയ ടീമായ അർജന്റീന അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കുന്നതിനാൽ യൂറോപ്പിൽ തന്നെ തുടർന്ന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാനാണ് താരങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് അർജന്റീന താരങ്ങൾക്ക് ദേശീയ ടീമിനോടുള്ള സ്നേഹം കൂടുതലായതു കൊണ്ടാണെന്നും യൂറോപ്പിലെ മറ്റു താരങ്ങളിൽ അത് കണ്ടിട്ടില്ലെന്നുമാണ് ഡി മരിയ പറയുന്നത്.

“ഞങ്ങൾക്ക് ദേശീയ ടീമിന്റെ ജേഴ്‌സി ഒരു വലിയ വികാരമാണ്. എന്നാൽ യൂറോപ്പിലുള്ള എന്റെ സഹതാരങ്ങൾക്ക് ദേശീയ ടീമിന്റെ ജേഴ്‌സി അത്ര വലിയ വികാരമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാനെന്റെ ജീവിതകാലം മുഴുവൻ അർജന്റീനയുടെ നീലയും വെള്ളയും നിറമുള്ള ജേഴ്‌സി അണിയുന്നതിനു വേണ്ടി കാത്തിരുന്നിട്ടുണ്ട്.” കഴിഞ്ഞ ദിവസം ഡി സ്പോർട്ട് റേഡിയോയോട് സംസാരിക്കുമ്പോൾ ഏഞ്ചൽ ഡി മരിയ പറഞ്ഞു.

സൗദി അറേബ്യയിൽ നിന്നും ഓഫർ വന്നതിനെക്കുറിച്ചും ഏഞ്ചൽ ഡി മരിയ സംസാരിച്ചു. “സൗദി അറേബ്യയിൽ നിന്നും എന്നെ വിളിച്ചിരുന്നു. ഒന്നല്ല, ഒരുപാട് വിളികളാണ് അവിടെ നിന്നും എന്നെ തേടിയെത്തിയത്. അവർ ഓഫർ ചെയ്‌ത പ്രതിഫലാക്കണക്കുകൾ വിശ്വസിക്കാൻ കഴിയാത്തതാണ്. എന്നാൽ ഞാൻ എന്റെ ഹൃദയം കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എനിക്ക് ബെൻഫിക്കയിലേക്ക് തിരിച്ചു വരാനായിരുന്നു ആഗ്രഹം.” ഡി മരിയ വ്യക്തമാക്കി.

Di Maria Talks About Saudi Offer