മെസി തന്റെ മാന്ത്രികത പുറത്തെടുത്തതോടെ ഞങ്ങൾ ചെയ്‌തതെല്ലാം വിഫലമായി, തോൽവിയെക്കുറിച്ച് സിൻസിനാറ്റി പരിശീലകൻ | Messi

സിൻസിനാറ്റി ആരാധകരെയും താരങ്ങളെയും സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു ഇന്റർ മിയാമിയുമായി നടന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ മത്സരത്തിലെ തോൽവി. ഒരു ഘട്ടത്തിൽ വിജയം ഉറപ്പിക്കുന്ന രീതിയിൽ മത്സരത്തിൽ ആധിപത്യം പുലർത്തുകയും രണ്ടു ഗോളുകൾക്ക് മുന്നിലെത്തുകയും ചെയ്‌ത അവർ പിന്നീട് ഇഞ്ചുറി ടൈമിലേതടക്കം രണ്ടു ഗോളുകൾ വഴങ്ങുകയായിരുന്നു. അതിനു ശേഷം എക്‌സ്ട്രാ ടൈമിൽ 3-3 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഇന്റർ മിയാമി വിജയിച്ചത്.

ലയണൽ മെസി തന്നെയാണ് സിൻസിനാറ്റിയെ തോൽവിയിലേക്ക് തള്ളിയിട്ടത്. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ഇന്റർ മിയാമിയെ തിരിച്ചു കൊണ്ടുവന്ന രണ്ടു ഗോളുകളുടെയും അസിസ്റ്റ് മെസിയുടേതായിരുന്നു. മെസിയുടെ ഇച്ഛാശക്തിയുടെയും ഒരിക്കലും തോൽക്കാത്ത മനോഭാവത്തിന്റെയും മുന്നിൽ തന്നെയാണ് സിൻസിനാറ്റി പരാജയപ്പെട്ടത്. മത്സരത്തിന് ശേഷം തോൽവിയുടെ നിരാശയിൽ സിൻസിനാറ്റി പരിശീലകൻ പറഞ്ഞതും ലയണൽ മെസിയെക്കുറിച്ചു തന്നെയാണ്.

“തോൽവി വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്. ഞങ്ങളുടെ താരങ്ങൾ കൂടുതൽ അർഹിച്ചിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങൾ മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മികച്ച പ്രകടനം നടത്തിയെങ്കിലും മെസി തന്റെ മാന്ത്രികനിമിഷങ്ങളുമായി വന്ന് തിരിച്ചു വരവിനുള്ള രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകി. ഞങ്ങൾക്ക് അതുവരെ ചെയ്‌തതിൽ നിന്നും കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.” സിൻസിനാറ്റി പരിശീലകൻ പാറ്റ് നൂനൻ പറഞ്ഞു.

മത്സരത്തിൽ വിജയം നേടിയതോടെ ലയണൽ മെസി എത്തിയതിനു ശേഷം തുടർച്ചയായ എട്ടാമത്തെ മത്സരത്തിലാണ് ഇന്റർ മിയാമി വിജയം നേടുന്നത്. ഇതിനിടയിൽ ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടം അവർ ലീഗ്‌സ് കാപ്പിലൂടെ സ്വന്തമാക്കിയിരുന്നു. ഇനി മറ്റൊരു കിരീടം കൂടി സ്വന്തമാക്കാൻ അവർക്കുള്ള അവസരമാണ് യുഎസ് ഓപ്പൺ കപ്പ് ഫൈനൽ. എംഎൽഎസ് വെസ്റ്റേൺ കോൺഫറൻസിലെ ആറാം സ്ഥാനക്കാരായ ഹൂസ്റ്റൺ ഡൈനാമോസാണ് ഫൈനലിൽ ഇന്റർ മിയാമിയുടെ എതിരാളികൾ.

Cincinnati Coach About Messi Performance