ബെൻസിമയെ തനിക്ക് വേണ്ടെന്ന് അൽ ഇത്തിഹാദ് പരിശീലകൻ, ക്യാപ്റ്റൻ സ്ഥാനവും നൽകിയില്ല | Benzema

സൗദി അറേബ്യയിലേക്ക് റെക്കോർഡ് ട്രാൻസ്‌ഫറിൽ ചേക്കേറിയ കരിം ബെൻസിമയും താരത്തിന്റെ ക്ലബായ അൽ ഇത്തിഹാദിന്റെ പരിശീലകനായ നുനോ എസ്‌പിരിറ്റോ സാന്റോയും തമ്മിൽ അകലുന്നു. റിപ്പോർട്ടുകൾ പ്രകാരം തന്റെ പദ്ധതികളിൽ കരിം ബെൻസിമയെ ആവശ്യമില്ലെന്ന് ക്ലബ് നേതൃത്വത്തെ പോർച്ചുഗൽ പരിശീലകൻ അറിയിച്ചിട്ടുണ്ട്. ഫ്രഞ്ച് താരം ക്ലബ് വിടാൻ വരെ ഇത് വഴി തെളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം അൽ ഇത്തിഹാദ് റെക്കോർഡ് പ്രതിഫലം നൽകി സ്വന്തമാക്കിയ താരത്തിന്റെ ട്രാൻസ്‌ഫർ നുനോ എസ്‌പിരിറ്റോ സാന്റോ ആവശ്യപ്പെട്ടത് പ്രകാരമല്ല. തന്റെ സ്‌ക്വാഡിലും ടീമിന്റെ പദ്ധതികളിലും ബെൻസിമയുടെ ശൈലിയുള്ള ഒരാൾക്ക് സ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത് കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയ താരവും പരിശീലകനും തമ്മിൽ അകലാൻ കാരണമായിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഡ്രസിങ് റൂമിലേക്കും എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അൽ ഇത്തിഹാദിന്റെ നായകനാവണമെന്ന് ബെൻസിമ ആവശ്യപ്പെട്ടിരുന്നു. ബെൻസിമയെ പോലെ സീനിയോറിട്ടിയും ക്ലബ് തലത്തിൽ ഇനി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ലാത്തതുമായ ഒരു താരം നായകസ്ഥാനം അർഹിക്കുന്നത് തന്നെയാണ്. എന്നാൽ താരത്തിന്റെ ആവശ്യം നുനോ എസ്‌പിരിറ്റോ സാന്റോ നിഷേധിക്കുകയായിരുന്നു.

റയൽ മാഡ്രിഡ് ഒട്ടും പ്രതീക്ഷിച്ചതല്ല ബെൻസിമ ക്ലബ് വിടുമെന്നത്. ലോസ് ബ്ലാങ്കോസിൽ രാജാവിനെ പോലെ വാണു കൊണ്ടിരുന്ന സമയത്താണ് താരം സൗദിയുമായി രണ്ടു വർഷത്തെ കരാറൊപ്പിടുന്നത്. എന്നാൽ കർക്കശക്കാരനായ പരിശീലകനുമായുള്ള പ്രശ്‌നങ്ങൾ താരത്തിന്റെ തീരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബെൻസിമ അൽ ഇത്തിഹാദ് വിടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Nuno Said To Al Ittihad Benzema Not In His Plans