ബ്രസീലിയൻ സുൽത്താൻ ഇന്ത്യയിൽ കളിക്കും, എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയും അൽ ഹിലാലും ഒരു ഗ്രൂപ്പിൽ | Neymar

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കുകയെന്ന ആഗ്രഹം നടന്നില്ലെങ്കിലും ഇന്ത്യയിലെ ബ്രസീലിയൻ ആരാധാകർക്ക് ആവേശമായി ദേശീയടീമിലെ സൂപ്പർതാരം നെയ്‌മർ ജൂനിയർ ഇന്ത്യയിൽ കളിക്കും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടന്നപ്പോൾ മുംബൈ സിറ്റിയും നെയ്‌മർ അടുത്തിടെ ചേക്കേറിയത് സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

പിഎസ്‌ജി താരമായിരുന്ന നെയ്‌മർ അടുത്തിടെയാണ് സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഒരാളായി മാറിയാണ് നെയ്‌മർ അൽ ഹിലാലിലേക്ക് ചേക്കേറിയത്. അതിനു പിന്നാലെയാണ് താരം ഇന്ത്യയിൽ കളിക്കാനുള്ള സാധ്യതയുണ്ടാകുന്ന രീതിയിൽ അൽ ഹിലാലും മുംബൈ സിറ്റിയും ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.

എന്നാണു മത്സരം നടക്കുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അൽ ഹിലാലിനു പുറമെ ഇറാന്റെ നാസാജി മസാണ്ടറാൻ, ഉസ്ബെക്കിസ്ഥാന്റെ നവബഹോർ എന്നീ ക്ളബുകളാണ് മുംബൈ സിറ്റിയുടെ ഗ്രൂപ്പിലുള്ളത്. നിലവിൽ പരിക്ക് കാരണം പുറത്തിരിക്കുന്ന നെയ്‌മർ മത്സരത്തിന്റെ സമയമാകുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുത്താൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ മണ്ണിൽ താരം കളിക്കുന്നത് കാണാൻ കഴിയും.

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് നെയ്‌മർ. നിരന്തരമായ പരിക്കുകളും പ്രൊഫെഷണലല്ലാത്ത ചില സമീപനങ്ങളും കാരണം കരിയറിൽ അർഹിക്കുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ നെയ്‌മർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നിലവിൽ കളിക്കുന്ന ഏറ്റവും മികച്ച ഫുട്ബോൾ പ്രതിഭകളിലൊരാൾ ഇന്ത്യയിൽ കളിക്കുന്നത് ഇന്ത്യൻ ആരാധകർക്കും ആവേശമാണ്.

Neymar Junior To Play In India