തോൽ‌വിയുടെ നിരാശയിലും ലയണൽ മെസിക്ക് വേണ്ടി ചാന്റുകൾ മുഴക്കി സിൻസിനാറ്റി ആരാധകർ | Messi

അമേരിക്കയിൽ ചരിത്രമെഴുതുകയാണ് ലയണൽ മെസി. ഇന്റർ മിയാമിയിൽ എത്തിയതു മുതൽ അസാമാന്യമായ പ്രകടനം നടത്തുന്ന മെസി അസാധ്യമായ നേട്ടങ്ങളാണ് ക്ലബിന് സ്വന്തമാക്കി നൽകിയിരിക്കുന്നത്. മെസി വന്നതിനു ശേഷം തുടർച്ചയായി എട്ടു മത്സരങ്ങളിൽ വിജയം നേടിയ ഇന്റർ മിയാമി അതിനിടയിൽ ക്ലബ് ചരിത്രത്തിൽ ആദ്യമായി ഒരു കിരീടവും സ്വന്തമാക്കി. അതിനു പുറമെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സിൻസിനാറ്റിയെ തോൽപ്പിച്ചതോടെ മറ്റൊരു ഫൈനലിലേക്ക് കൂടി ഇന്റർ മിയാമി മുന്നേറിയിട്ടുണ്ട്.

യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലേക്കാണ് ഇന്റർ മിയാമിയെ ലയണൽ മെസി നയിച്ചത്. ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച സിൻസിനാറ്റി മത്സരം തൊണ്ണൂറ് മിനുട്ട് പിന്നിട്ടപ്പോഴും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ ലയണൽ മെസി നൽകിയ മാന്ത്രിക അസിസ്റ്റിൽ ഇന്റർ മിയാമി സമനില നേടി. അതിനു ശേഷം എക്‌സ്ട്രാ ടൈമിൽ 3-3നു സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മിയാമി വിജയം നേടിയത്.

മത്സരത്തിനു ശേഷമുണ്ടായ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിജയത്തിൽ നിന്നും തോൽവിയിലേക്ക് വീണതിനാൽ തന്നെ ഇന്റർ മിയാമി ആരാധകർ വളരെയധികം നിരാശരായിരുന്നു. എന്നാൽ ആ തോൽവിയിലും മികച്ച പ്രകടനം നടത്തിയ ലയണൽ മെസിയോടുള്ള സ്നേഹം സിൻസിനാറ്റി ആരാധകർ തെളിയിച്ചു. മത്സരം കഴിഞ്ഞ് ലയണൽ മെസി ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ താരത്തിന്റെ പേര് ആർത്തു വിളിക്കുകയായിരുന്നു ആരാധകർ.

ഇന്റർ മിയാമി ആരാധകർക്ക് മാത്രമല്ല, അമേരിക്കയിലെ എല്ലാവർക്കും ലയണൽ മെസി വളരെയധികം പ്രിയങ്കരനാണ് എന്നു തെളിയിച്ച സംഭവമായിരുന്നു ഇത്. ഇതാദ്യമായല്ല എതിർടീമിന്റെ ആരാധകർ ലയണൽ മെസിക്ക് പിന്തുണ നൽകുന്നത്. ഇതിനു മുൻപ് നടന്ന ലീഗ്‌സ് കപ്പ് മത്സരത്തിൽ ഫിലാഡൽഫിയ യൂണിയന്റെ ആരാധകരും ലയണൽ മെസിക്ക് പിന്തുണ അറിയിച്ചിരുന്നു. അമേരിക്കയിൽ ലയണൽ മെസി ഒരു തരംഗമായി മാറുകയാണെന്നതിനു ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്.

Cincinnati Fans Chant Messi Name After Match