ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്, വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ലയണൽ മെസി | Messi

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി തന്റെ കരിയർ അവസാനിപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലോകകപ്പിൽ വിജയം നേടിയതോടെ ലോകചാമ്പ്യനായി ഇനിയും മത്സരങ്ങൾ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ്‌ മെസി വെളിപ്പെടുത്തിയത്. ഇതോടെ അടുത്ത ലോകകപ്പ് വരെ മെസി കളിക്കളത്തിൽ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതിനുള്ള സാധ്യത കുറവാണെന്ന് താരം തന്നെ വെളിപ്പെടുത്തിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിമുഖത്തിൽ ലയണൽ മെസി വെളിപ്പെടുത്തിയ കാര്യങ്ങൾ ആരാധകർക്ക് സന്തോഷം പകരുന്നതാണ്. ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു ശേഷം തകർപ്പൻ ഫോമിൽ കളിക്കുന്ന ലയണൽ മെസി ഒരുപാട് കാലം തന്റെ മാന്ത്രികതയുമായി കളിക്കളത്തിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് നടത്തിയത്. താൻ വളരെയധികം സന്തോഷവാനാണെന്നും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് മെസി പറഞ്ഞത്.

“ഞാൻ ഇപ്പോഴൊന്നും വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ല. എനിക്ക് കളിക്കാൻ ഇഷ്ടമാണ്, മൈതാനത്ത് പന്തുമായി തുടരുന്നത്, മത്സരിക്കുന്നതും, പരിശീലനം നടത്തുന്നതുമെല്ലാം ഞാൻ വളരെയധികം ആസ്വദിക്കുന്ന കാര്യങ്ങളാണ്. ഇന്ന് ഏറ്റവും പ്രധാനം ഞാൻ ചെയ്യുന്നത് ഇതുപോലെ തുടരുകയും, അത് പരമാവധി ആസ്വദിക്കുകയും എന്നതാണ്. ഈ ഫുട്ബോൾ കരിയർ ഇനി ജീവിതത്തിൽ തിരിച്ചുവരില്ല, നിരാശയുണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” മെസി പറഞ്ഞു.

ഇന്റർ മിയാമിയിൽ എത്തിയതോടെ ലയണൽ മെസി ഫുട്ബോൾ വീണ്ടും ആസ്വദിച്ചു തുടങ്ങിയെന്ന് താരത്തിന്റെ മനോഭാവത്തിൽ നിന്നും വ്യക്തമാണ്. പിഎസ്‌ജിയിൽ ഒരുപാട് സമ്മർദ്ദം അനുഭവിച്ച താരം ഇപ്പോൾ അനായാസമായി ഫുട്ബോൾ കളിക്കുകയും ഓരോ മത്സരവും സന്തോഷത്തോടെ പൂർത്തിയാക്കുകയും ചെയ്യുന്നു. അതിനു മേമ്പൊടിയായി വിജയങ്ങളും കിരീടനേട്ടങ്ങളും വരുന്നത് സന്തോഷത്തിലുള്ള ലയണൽ മെസി ഏറ്റവും മികവ് കാണിക്കുമെന്നതിന്റെ തെളിവ് കൂടിയാണ്.

Messi Not Thinking About Retirement