ഗോളടിക്കാതെ വരിഞ്ഞു കെട്ടിയപ്പോൾ അസിസ്റ്റുകൾ കൊണ്ട് മായാജാലം, മെസിയുടെ പ്ലേമേക്കിങ് മാസ്റ്റർക്ലാസ് | Messi

എഫ്‌സി സിൻസിനാറ്റിക്കെതിരെ നടന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലിൽ പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം നേടിയെങ്കിലും ഇന്റർ മിയാമിയെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല മത്സരം. എന്തുകൊണ്ടാണ് എംഎൽഎസിൽ തങ്ങൾ ഒന്നാം സ്ഥാനത്തു നിൽക്കുന്നതെന്ന് എഫ്‌സി സിൻസിനാറ്റി തങ്ങളുടെ പ്രകടനമികവിലൂടെ തെളിയിച്ച മത്സരത്തിൽ അവർക്ക് കുത്യമായ ആധിപത്യമുണ്ടായിരുന്നു. അമേരിക്കൻ ലീഗിലെ പ്രധാന ടീമുകളുടെ നിലവാരവും മത്സരത്തിൽ തെളിഞ്ഞു കണ്ടു.

ലയണൽ മെസി തന്നെയായിരുന്നു എഫ്‌സി സിൻസിനാറ്റിയുടെ മുഴുവൻ പദ്ധതികളെയും തകർത്തു കളഞ്ഞത്. ഇന്റർ മിയാമിക്കൊപ്പം കഴിഞ്ഞ ഏഴു മത്സരങ്ങളിലും ഗോൾ നേടിയ ലയണൽ മെസിയെ പൂട്ടാൻ കൃത്യമായ പദ്ധതിയുമായാണ് സിൻസിനാറ്റി താരങ്ങൾ എത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടം വരെ അത് സമർത്ഥമായി നടപ്പിലാക്കുകയും മികച്ച മുന്നേറ്റങ്ങൾ നടത്തുകയും ചെയ്‌തപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ രണ്ടു ഗോളുകൾക്ക് മുന്നിലെത്തുകയും ചെയ്‌തു.

എന്നാൽ താൻ മുന്നേറ്റനിരയിൽ ഒതുങ്ങിയാൽ ക്രിയാത്മകമായ നീക്കങ്ങൾ ഉണ്ടാകില്ലെന്നു കണ്ട് മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കാനുള്ള മെസിയുടെ നീക്കം എതിരാളികളുടെ പദ്ധതികളെ മുഴുവനായും തകർത്തു. അറുപത്തിയെട്ടാം മിനുട്ടിൽ ആദ്യത്തെ ഗോളിന് അസിസ്റ്റ് നൽകിയ ലയണൽ മെസി അതിനു ശേഷം അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും സഹതാരങ്ങൾക്ക് അത് മുതലെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇഞ്ചുറി ടൈമിൽ മറ്റൊരു മനോഹരമായ അസിസ്റ്റിലൂടെ മെസി ഇന്റർ മിയാമിയെ തിരിച്ചു കൊണ്ടു വന്നു.

എക്‌സ്ട്രാ ടൈമിലും സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് ഇന്റർ മിയാമി വിജയം നേടിയത്. എന്നാൽ സിൻസിനാറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരം ഇന്റർ മിയാമിക്കൊരു മുന്നറിയിപ്പാണ്. നിലവിലെ നിലവാരത്തിൽ മാത്രം കളിച്ചാൽ ടീമിന് കൂടുതൽ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഇന്നത്തെ മത്സരം വ്യക്തമാക്കുന്നു. കൂടുതൽ മികച്ച താരങ്ങളും കൂടുതൽ മികച്ച പ്രതിരോധവും ഉണ്ടായാൽ മാത്രമേ ഇന്റർ മിയാമിക്ക് വമ്പൻ പോരാട്ടങ്ങളെ അതിജീവിക്കാൻ കഴിയൂവെന്നത് തീർച്ചയാണ്.

Messi Playmaking Masterclass Against FC Cincinnati