തോൽവിയുറപ്പിച്ചു നിൽക്കെ അവിശ്വസനീയമായ അസിസ്റ്റ്, അമേരിക്കയിലെ ഒന്നാം സ്ഥാനക്കാരും മെസിക്ക് മുന്നിൽ വീണു | Messi

അമേരിക്കയിൽ ലയണൽ മെസി കാണിക്കുന്ന അത്ഭുതങ്ങൾക്ക് അവസാനമില്ല. ഇന്ന് പുലർച്ചെ നടന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലിൽ എംഎൽഎസിലെ ഒന്നാം സ്ഥാനക്കാരായ എഫ്‌സി സിൻസിനാറ്റിക്കെതിരെ പിന്നിൽ നിന്ന് തിരിച്ചടിച്ച് ഒപ്പമെത്തുകയും ഒടുവിൽ ഷൂട്ടൗട്ടിൽ വിജയം നേടുകയും ചെയ്‌തു ഇന്റർ മിയാമി. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ചിരുന്ന ഇന്റർ മിയാമിക്കു വേണ്ടി ലയണൽ മെസി നൽകിയ അവിശ്വനീയമായ അസിസ്റ്റ് മത്സരം കണ്ട ആരാധകർ ഒരിക്കലും മറക്കില്ല.

മത്സരത്തിൽ സിൻസിനാറ്റിക്കായിരുന്നു ആധിപത്യം. അൻപത്തിമൂന്നാം മിനുട്ടിൽ തന്നെ അവർ രണ്ടു ഗോളുകൾക്ക് മുന്നിലെത്തുകയും ചെയ്‌തു. ലൂസിയാന അക്കോസ്റ്റ, ബ്രാണ്ടൻ വാസ്‌ക്വസ് എന്നിവരാണ് സിൻസിനാറ്റിയുടെ ഗോളുകൾ നേടിയത്. അറുപത്തിയെട്ടാം മിനുട്ടിൽ മെസിയുടെ അസിസ്റ്റിൽ കാമ്പാന ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നീട് ഇന്റർ മിയാമിക്ക് ഗോൾ കണ്ടെത്താനായില്ല. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ ലയണൽ മെസി നൽകിയ അത്ഭുത അസിസ്റ്റിൽ കാമ്പാന ഇന്റർ മിയാമിക്ക് സമനില നേടിയെടുത്തു.

മത്സരം സമനിലയിൽ ആയതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധിക സമയത്ത് ജോസഫ് മാർട്ടിനസിന്റെ ഗോളിൽ ഇന്റർ മിയാമി മുന്നിലെത്തിയെങ്കിലും ആ സന്തോഷത്തിനു അധികം ആയുണ്ടായിരുന്നില്ല. യായ കുബോ സിൻസിനാറ്റിക്ക് വേണ്ടി സമനില ഗോൾ നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. രണ്ടു ടീമുകളും അഞ്ചു കിക്കുകൾ എടുത്ത ഷൂട്ടൗട്ടിൽ ഇന്റർ മിയാമി താരങ്ങൾ കൃത്യമായി ലക്‌ഷ്യം കണ്ടപ്പോൾ സിൻസിനാറ്റി താരം എടുത്ത അവസാന കിക്ക് തടുത്തിട്ട് മിയാമി കീപ്പർ വിജയം സ്വന്തമാക്കി നൽകി.

ലയണൽ മെസി അമേരിക്കൻ ലീഗിൽ എത്തിയതിനു ശേഷമുള്ള ഒരു മത്സരത്തിലും ഇന്റർ മിയാമി തോൽവി വഴങ്ങിയിട്ടില്ലെന്ന റെക്കോർഡ് ഇതോടെ തുടരുകയാണ്. എന്നാൽ കഴിഞ്ഞ ഏഴു മത്സരത്തിലും ഗോൾ നേടിയ മെസിക്ക് ഇന്ന് വലകുലുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഗോൾ നേടിയില്ലെങ്കിലും എതിരാളികളെ കൊണ്ട് ഗോളടിപ്പിച്ച് തന്റെ മികവ് തെളിയിക്കാൻ മെസിക്കായി. സെമിയിൽ വിജയം നേടിയതോടെ മെസി വന്നതിനു ശേഷം രണ്ടാമത്തെ ഫൈനലിൽ എത്തിയ ഇന്റർ മിയാമിക്ക് ഹൂസ്റ്റൺ ഡൈനാമോയോ റിയൽ സാൾട്ട് ലേക്കോ ആയിരിക്കും എതിരാളികൾ.

Messi Leads Inter Miami To US Open Cup Final