പകരക്കാരനായി മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ, കോപ്പയിലെ താരോദയമാകാൻ എൻഡ്രിക്ക് | Endrick

ബ്രസീലിയൻ ഫുട്ബോൾ താരമായ എൻഡ്രിക്കിന്റെ പേര് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിട്ട് വളരെക്കാലമായിട്ടില്ല. ബ്രസീലിയൻ ക്ലബായ പാൽമിറാസിൽ കളിക്കുന്ന താരത്തെ റയൽ മാഡ്രിഡ് കണ്ണുവെച്ചതോടെയാണ് എൻഡ്രിക്ക് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പതിനേഴുകാരനായ താരത്തെ റയൽ മാഡ്രിഡ് തന്നെ സ്വന്തമാക്കുകയും ചെയ്‌തു. പതിനെട്ടു വയസാകുന്നതോടെ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറും.

ബോണസുകൾ അടക്കം അറുപതു മില്യൺ യൂറോ മൂല്യമുള്ള പാക്കേജിലാണ് റയൽ മാഡ്രിഡ് എൻഡ്രിക്കിനെ സ്വന്തമാക്കിയത്. രണ്ടു വർഷം മുൻപ് പതിനാറുകാരനായ ഒരു താരത്തിന് വേണ്ടി ഇത്രയും തുക റയൽ മാഡ്രിഡ് മുടക്കിയത് എല്ലാവർക്കും അത്ഭുതമായിരുന്നു. എന്നാൽ ബ്രസീലിയൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചതോടെ തന്റെ പ്രതിഭയെന്താണെന്ന് എൻഡ്രിക്ക് പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദമത്സരത്തിൽ അരങ്ങേറ്റം നടത്തിയ എൻഡ്രിക്ക് എഴുപത്തിയൊന്നാം മിനുട്ടിൽ കളത്തിലിറങ്ങി എൺപതാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ നേടി. അതിനു പിന്നാലെ സ്പെയിനെതിരെ നടന്ന മത്സരത്തിലും പകരക്കാരനായിറങ്ങി ഗോൾ നേടിയ താരം ഇന്ന് രാവിലെ മെക്‌സിക്കോക്കെതിരെ നടന്ന മത്സരത്തിലും വിജയഗോൾ നേടി അതാവർത്തിച്ചു.

മികച്ച ഫിസിക്കും ഡ്രിബ്ലിങ് ശേഷിയും പ്രതിരോധനിരയെ താളം തെറ്റിക്കുന്ന നീക്കങ്ങളും നടത്താൻ കഴിയുന്ന എൻഡ്രിക്ക് ബ്രസീലിയൻ ടീമിൽ തന്റെ വരവറിയിച്ചിരിക്കുകയാണ്. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ നേടിയതോടെ പെലെക്ക് ശേഷം ബ്രസീലിയൻ ടീമിനായി മൂന്നു ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എൻഡ്രിക്ക് സ്വന്തമാക്കി.

റൊണാൾഡോ നാസറിയോയുടെ പിൻഗാമിയെന്നാണ് പലരും എൻഡ്രിക്കിനെ വിശേഷിപ്പിച്ചിരുന്നത്. അത് ശരിയാണെന്ന് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ഈ പ്രകടനത്തോടെ എൻഡ്രിക്ക് ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. കോപ്പ അമേരിക്ക കിരീടത്തിനായി ബ്രസീൽ മത്സരിക്കുമ്പോൾ ടൂർണമെന്റിലെ ടോപ് സ്‌കോറർ സ്ഥാനത്തിനായി മത്സരിക്കാൻ താനുമുണ്ടാകുമെന്ന്.

Endrick Can Win Copa America With Brazil