രണ്ടു വിദേശതാരങ്ങൾ മാത്രം തുടരും, നാല് പൊസിഷനിലേക്ക് പുതിയ കളിക്കാരെയെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ | Kerala Blasters

പുതിയ സീസണിലേക്ക് വേണ്ട താരങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കിയെന്നു റിപ്പോർട്ടുകൾ. ലഭ്യമായ സൂചനകൾ പ്രകാരം രണ്ടു വിദേശതാരങ്ങൾ മാത്രമാണ് ടീമിനൊപ്പം തുടരാനുള്ള സാധ്യതയുള്ളത്. ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ. എഫ്‌സി ഗോവയിൽ നിന്നും സ്വന്തമാക്കിയ നോഹ സദൂയി എന്നിവരാണ് ടീമിനൊപ്പം തുടരുമെന്ന് ഉറപ്പുള്ളത്.

അടുത്ത സീസണിലേക്കായി രണ്ടു സെന്റർ ബാക്കുകളെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്. മിലോസ് ഡ്രിൻസിച്ചിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ ടീം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. താരം തുടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും അതുറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനു പുറമെ ലെസ്‌കോവിച്ചിന് പകരക്കാരനെയും ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തേണ്ടതുണ്ട്.

ഇതിനു പുറമെ ഒരു സെന്റർ ഫോർവേഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുക. ദിമിത്രിയോസ് ക്ലബ് വിട്ടതിനു പകരക്കാരനെ എത്തിക്കേണ്ടത് ടീമിന് നിർബന്ധമാണ്. കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ദിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് കഴിയാതിരുന്നതിനാൽ അതിനേക്കാൾ മികച്ചൊരു പകരക്കാരനെ തന്നെ അവർ കണ്ടെത്തേണ്ടതുണ്ട്.

നിലവിൽ സെന്റർ ഫോർവേഡായി ക്വാമേ പെപ്ര ടീമിനൊപ്പമുണ്ട്. ഘാന താരത്തിന് ഒരു വർഷം കൂടി ടീമിനൊപ്പം ബാക്കിയുണ്ടെങ്കിലും നിലനിർത്തണോ എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പരിശീലകൻ എത്തിയതിനു ശേഷം പെപ്രയുടെ പ്രകടനവും കണ്ടതിനു ശേഷമാകും പെപ്രയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നുണ്ടാവുക.

ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തെ എത്തിക്കുന്ന മറ്റൊരു പൊസിഷൻ മിഡ്‌ഫീൽഡ് ആയിരിക്കും. സ്റ്റാറെയുടെ പദ്ധതികളിൽ ഒരു മികച്ച മധ്യനിര താരത്തെ ആവശ്യമാണ്. നിലവിൽ മികച്ച ഇന്ത്യൻ താരങ്ങൾ മധ്യനിരയിൽ ഉള്ളതിനാൽ ചിലപ്പോൾ ഒരു മുന്നേറ്റനിര താരത്തെക്കൂടി ക്ലബ് എത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

KBFC To Sign Foreign Players For Three Position