അർജന്റീനക്കെതിരെ കളിക്കാൻ ഇംഗ്ലണ്ടിനു താൽപര്യമില്ല, ബ്രസീലിനെ മതിയെന്നു തീരുമാനിച്ചു | England

ലോകചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്പിലെ വമ്പന്മാരും കഴിഞ്ഞ യൂറോ ഫൈനലിസ്റ്റുകളും തമ്മിലുള്ള സൗഹൃദമത്സരം നടക്കില്ലെന്ന് ഉറപ്പായി. രണ്ടു ടീമുകളും തമ്മിൽ മാർച്ചിൽ സൗഹൃദമത്സരം നടക്കുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അതിൽ മാറ്റമുണ്ടായിട്ടുണ്ട്. അർജന്റീനക്ക് പകരം ലാറ്റിനമേരിക്കയിലെ മറ്റൊരു കരുത്തുറ്റ ടീമായ ബ്രസീലിനെതിരെയാണ് ഇംഗ്ലണ്ട് മത്സരം കളിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുമുണ്ട്.

അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിലാണ് ബ്രസീലും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്നത്. മാർച്ച് ഇരുപത്തിമൂന്നിനു വെംബ്ലിയിൽ വെച്ചാണ് മത്സരം നടക്കുകയെന്ന് ഉറപ്പിച്ചിട്ടുണ്ട്. അതെ ഇന്റർനാഷണൽ ബ്രേക്കിൽ ഇംഗ്ലണ്ട് അർജന്റീനക്കെതിരെയും കളിക്കുന്നുണ്ട്. ബ്രസീലും ഇംഗ്ലണ്ടും ഏതാണ്ട് ഏഴു വർഷങ്ങൾക്ക് ശേഷമാണ് മുഖാമുഖം വരാൻ പോകുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2017ൽ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

ഇംഗ്ലണ്ടിന് പുറമെ മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിൽ സ്പെയിനിനെതിരെയും ബ്രസീൽ ഒരു മത്സരം കളിക്കുന്നുണ്ട്. റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിലാണ് ഈ മത്സരം നടക്കുകയെന്ന കാര്യം വ്യക്തമായിട്ടുണ്ട്. അടുത്ത വർഷം ജൂണിൽ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നതിനാൽ ഈ സൗഹൃദ മത്സരങ്ങൾ ബ്രസീലിനു തങ്ങളുടെ ടീമിന്റെ കരുത്ത് പരിശോധിക്കാനുള്ള ഒരു അവസരം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

നേരത്തെ അർജന്റീന ടീമുമായി ഇംഗ്ലണ്ട് സൗഹൃദമത്സരം കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് അതിൽ പെട്ടന്ന് മാറ്റം വന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീന ടീമിനെതിരെ സ്വന്തം നാട്ടിൽ ഇറങ്ങാൻ ഇംഗ്ലണ്ടിന് ധൈര്യമുണ്ടാകില്ലെന്നാണ് ആരാധകർ ഇതിനു കാരണമായി പറയുന്നത്. ഇംഗ്ലണ്ട് പിന്മാറിയതോടെ മാർച്ചിൽ ഏതെങ്കിലും യൂറോപ്യൻ ടീമിനെ അർജന്റീന നേരിടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം ഈ മാസം അർജന്റീനയും ബ്രസീലും തമ്മിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ പരസ്‌പരം ഏറ്റുമുട്ടുന്നുണ്ട്. 2021നു ശേഷം ആദ്യമായാണ് രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത് എന്നതിനാൽ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. ബ്രസീൽ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ നടത്തിയ മോശം പ്രകടനത്തിന്റെ ക്ഷീണം മറക്കാൻ ഇറങ്ങുമ്പോൾ അർജന്റീന തങ്ങളുടെ ഗംഭീരഫോം തുടർന്ന് ആധിപത്യം നിലനിർത്താനാണ് ലക്ഷ്യമിടുന്നത്.

England To Play Friendly Against Brazil