ഗോളടിക്കാത്തതിന്റെ പേരിൽ മാത്രം വിമർശിക്കപ്പെടേണ്ട താരമല്ല പെപ്ര, ബ്ലാസ്റ്റേഴ്‌സിനായി പരമാവധി താരം നൽകുന്നുണ്ട് | Kwame Peprah

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപാണ് ഘാന സ്‌ട്രൈക്കറായ ക്വമെ പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തുന്നത്. ഇസ്രായേലി ക്ലബായ ഹെപ്പോയേൽ ഹാദേരയിൽ നിന്നും 2025 വരെയുള്ള കരാറിലാണ് ഇരുപത്തിരണ്ടുകാരനായ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. നൈജീരിയൻ യുവതാരമാകും ടീമിലെ ഒരു പ്രധാന സ്‌ട്രൈക്കർ എന്ന് ഏവരും കരുതിയിരുന്ന സമയത്താണ് പെപ്രയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഈ പ്രായത്തിൽ തന്നെ എഴുപതോളം മത്സരങ്ങൾ കളിച്ച താരത്തിന്റെ ട്രാൻസ്‌ഫർ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു.

എന്നാൽ സീസൺ ആരംഭിച്ച് ആറു മത്സരങ്ങൾ കഴിഞ്ഞിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ലോണിൽ ഗോകുലം കേരളയിൽ പോയ ഇമ്മാനുവൽ ജസ്റ്റിൻ മികച്ച പ്രകടനം നടത്തുന്നതിനാൽ പെപ്രക്കെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇത് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കും നീണ്ടതിനാൽ പോസ്റ്റുകളുടെ കമന്റ് ബോക്‌സ് തന്നെ ഓഫ് ചെയ്യേണ്ട സാഹചര്യവും താരത്തിനുണ്ടായി.

ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ ഗോൾ കണ്ടെത്തേണ്ടത് അനിവാര്യമായ കാര്യമാണെങ്കിലും പേപ്ര അതിന്റെ പേരിൽ മാത്രം വിമർശിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. മോഡേൺ ഫുട്ബോളിൽ സ്‌ട്രൈക്കർ അടക്കമുള്ള എല്ലാ താരങ്ങളും ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് എതിരാളികളെ നിരന്തരമായി പ്രെസ് ചെയ്യുകയെന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ അത് പെപ്രയോളം നന്നായി ചെയ്യുന്ന മറ്റൊരു താരമില്ലെന്നതാണ് സത്യം. അതിനു പുറമെ തൊണ്ണൂറു മിനുട്ടും ഒരേ സ്റ്റാമിനയോടെ കളിക്കാനും പെപ്രക്ക് കഴിയുന്നുണ്ട്.

വർക്ക് റേറ്റിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പെപ്ര ഗോളിന് വേണ്ടി ശ്രമിക്കുന്നതിന്റെ കാര്യത്തിലും മോശമല്ല. ഇതുവരെ പതിനഞ്ചോളം ഷോട്ടുകൾ ഉതിർത്ത താരത്തിന് പക്ഷെ അതൊന്നും ഗോളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ താരം ഒരു ഗോൾ നേടിയിരുന്നെങ്കിലും ആ ബോളിനു വേണ്ടി ശ്രമിച്ച ദിമിത്രിയോസ് ഓഫ്‌സൈഡ് ആയതിനാൽ അത് നിഷേധിക്കപ്പെട്ടു. പെപ്രയുടെ പ്രകടനത്തിൽ ശ്രദ്ധിക്കേണ്ട കാര്യം പ്രതിരോധത്തെ താരം വളരെയധികം സഹായിക്കുന്നുണ്ടെന്നതാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിക്ക് അത് അത്യാവശ്യവുമാണ്.

ഓരോ മത്സരം കഴിയുന്തോറും പെപ്ര കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ടെന്നതും താരത്തെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നതാണ്. പെപ്രയെ സംബന്ധിച്ച് ഇനി വേണ്ടത് ഒരു മികച്ച ഗോളാണ്. അത് നേടാൻ താരത്തിന് കഴിഞ്ഞാൽ ആത്മവിശ്വാസം വർധിച്ച് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ യുവതാരമായ പെപ്രക്ക് കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകുകയെന്നതാണ് ഉത്തരവാദിത്വമുള്ള ആരാധകരെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ചെയ്യേണ്ടത്.

Kwame Peprah Can Shine For Kerala Blasters