ഏതു ക്ലബിലേക്കെന്ന കാര്യത്തിൽ തീരുമാനമെടുത്തത് എൻസോ ഫെർണാണ്ടസ്, നൽകുന്നത് റിലീസിംഗ് ക്ലോസിനെക്കാൾ ഉയർന്ന തുക | Enzo Fernandez
ഖത്തർ ലോകകപ്പിൽ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള മധ്യനിര താരമായ എൻസോ ഫെർണാണ്ടസിനെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ നിരവധി ക്ലബുകളാണ് രംഗത്തുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്സണൽ എന്നിവർക്ക് പുറമെ സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡും താരത്തിനായി രംഗത്തു വന്നിരുന്നു. എന്നാൽ തന്റെ ഭാവിയുടെ കാര്യത്തിൽ യാതൊരു തീരുമാനവും എൻസോ ഫെർണാണ്ടസ് ഇതുവരെയും എടുത്തിരുന്നില്ല.
ഖത്തർ ലോകകപ്പിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ എൻസോ ഫെർണാണ്ടസ് അതിനു ശേഷം നടന്ന മത്സരങ്ങളിലെല്ലാം ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു. ലയണൽ സ്കലോണിയുടെ വിശ്വസ്തനായ ലിയാൻഡ്രോ പരഡെസിനെ പകരക്കാരനാക്കി മാറ്റിയാണ് എൻസോ അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിച്ചതും ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചതും. ഇരുപത്തിയൊന്നുകാരനായ എൻസോ ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. മധ്യനിരയിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുന്ന താരത്തിന്റെ പ്രകടനം തന്നെയാണ് ക്ലബുകളെ ആകര്ഷിച്ചതും.
അതേസമയം എൻസോ തന്റെ പുതിയ ക്ലബ് ഏതാണെന്ന കാര്യത്തിൽ തീരുമാനം എടുത്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നതു പ്രകാരം ചെൽസിയിലേക്കാണ് എൻസോ ഫെർണാണ്ടസ് ചേക്കേറാനൊരുങ്ങുന്നത്. ചെൽസിയും എൻസോയുടെ ക്ലബായ ബെൻഫിക്കയും തമ്മിൽ ഇക്കാര്യത്തിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. താരത്തിന്റെ റിലീസിംഗ് ക്ലോസായ 120 മില്യൺ യൂറോ നൽകണം എന്നായിരുന്നു ബെൻഫിക്കയുടെ ആവശ്യമെങ്കിലും അതിനേക്കാൾ ഉയർന്ന തുക ചെൽസി വാഗ്ദാനം ചെയ്തതാണ് അവർക്ക് മുൻതൂക്കം നൽകിയത്.
Enzo Fernandez wants to come to Chelsea. pic.twitter.com/R0HoljcoD6
— Frank Khalid OBE (@FrankKhalidUK) December 31, 2022
ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് എൻസോയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കും എന്നാണു താരത്തിന്റെ ക്ലബായ ബെൻഫിക്ക പ്രസിഡന്റ് ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയത്. ഈ വർഷം കഴിയുന്നതു വരെ ഒരു താരവും ക്ലബ് വിടില്ലെങ്കിലും മികച്ച പ്രതിഭയുള്ള കളിക്കാരെ നഷ്ടപ്പെടുന്നത് സ്വാഭാവികമായ കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ കളിക്കാർക്കും ഒരു കരിയർ മാത്രമേയുണ്ടാകൂ എന്നതിനാൽ താരങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം പറയുന്നു. എൻസോ ജനുവരിയിൽ ക്ലബ് വിടുമെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.