സൗദി ക്ലബ്ബിലേക്ക് ചേക്കേറാൻ റൊണാൾഡോ നിരവധി ഓഫറുകൾ വേണ്ടെന്നു വെച്ചു | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബിലേക്കുള്ള ട്രാൻസ്‌ഫറാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ രണ്ടാമത്തെ മികച്ച ഗോൾസ്കോററായ റൊണാൾഡോ ആഗോളതലത്തിൽ അത്രയൊന്നും അറിയപ്പെടാത്ത ഒരു ക്ലബ്ബിലേക്ക് ചേക്കേറിയ തീരുമാനം പല ആരാധകരെയും ആശ്ചര്യപ്പെടുത്തിയ ഒന്നായിരുന്നു. ഈ ട്രാൻസ്‌ഫറോടെ മുപ്പത്തിയെട്ടാം വയസിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറുകയും ചെയ്‌തു.

സൗദി ക്ലബ്ബിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത് നിരവധി ക്ലബുകളുടെ ഓഫർ തഴഞ്ഞു കൊണ്ടാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. റൊണാൾഡോക്ക് അധികം ഓഫറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് നേരത്തെ പുറത്തു വന്ന വാർത്തകൾ നിഷേധിക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു മുൻപ് അമേരിക്കൻ ലീഗ് ക്ലബായ കാൻസാസ് സിറ്റിയാണ് റൊണാൾഡോക്കായി ഓഫറുമായി പ്രധാനമായും രംഗത്തു വന്നത്. സൗദി അറേബ്യൻ ക്ലബ് റൊണാൾഡോക്ക് നൽകിയ ഓഫറിന് സമാനമായ വാഗ്‌ദാനം തന്നെയാണ് ഇവരും നൽകിയതെന്ന് ഇഎസ്‌പിഎൻ ജേർണലിസ്റ്റായ ടെയ്‌ലർ ട്വൽമാൻ റിപ്പോർട്ടു ചെയ്യുന്നു.

എന്നാൽ ഈ ഓഫർ ക്രിസ്റ്റ്യാനോ റൊണാൾഡോ തഴയുകയായിരുന്നു. സൗദി ലീഗിനേക്കാൾ പ്രശസ്‌തമായ ലീഗാണ് അമേരിക്കൻ ലീഗെന്നിരിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്തുകൊണ്ടാണ് ഓഫർ തഴഞ്ഞതെന്നത് ചോദ്യചിഹ്നമാണ്. അൽ നസ്‌റിൽ നിന്നുള്ള ഓഫറിനു പുറമെ 2030 ലോകകപ്പിനു വേണ്ടി ശ്രമം നടത്തുന്ന സൗദി അറേബ്യ റൊണാൾഡോയെ അംബാസിഡറാക്കാൻ വേണ്ടി ഏഴു വർഷത്തെ കോണ്ട്രാക്റ്റ് നൽകാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് സത്യമാണെന്നും താരം സൗദി രാജ്യവുമായും കരാർ ഒപ്പിടുമെന്നുമാണ് എംഎൽഎസിൽ നിന്നും വന്ന ഓഫർ താരം തഴഞ്ഞതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്.

നിലവിൽ രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. തന്റെ മുപ്പത്തിയെട്ടാം വയസിൽ ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി ഈ കരാർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാറ്റി. അതേസമയം അമേരിക്കയിൽ നിന്നും മാത്രമല്ല, തുർക്കി, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നും റൊണാൾഡോക്ക് ഓഫറുകൾ വന്നിരുന്നു. എന്നാൽ ഈ ക്ലബുകളൊന്നും കൂടുതൽ ഇപ്പോൾ ലഭിക്കുന്ന പ്രതിഫലം റൊണാൾഡോക്ക് വാഗ്‌ദാനം ചെയ്‌തിരുന്നില്ല.