ലയണൽ മെസി രൂക്ഷവിമർശനം നടത്തിയ വിവാദറഫറി വീണ്ടും, ലാ ലിഗയിൽ ബാഴ്‌സയുടെ വിജയം നിഷേധിച്ചു | FC Barcelona

ഖത്തർ ലോകകപ്പിൽ അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിച്ചതിനു ശേഷം രണ്ടു ടീമുകളുടെയും താരങ്ങൾ രൂക്ഷമായ വിമർശനം നടത്തിയ റഫറിയാണ് മാറ്റിയൂ ലാഹോസ്‌. ചരിത്രത്തിൽ തന്നെ ഏറ്റവും അധികം കാർഡുകൾ പിറന്ന ലോകകപ്പ് മത്സരമായിരുന്നു അത്. അർജന്റീന ഷൂട്ടൗട്ടിൽ വിജയിച്ച മത്സരത്തിനു ശേഷം ഇതുപോലെയുള്ള റഫറിമാരെ പ്രധാനപ്പെട്ട കളികൾ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നാണ് ലയണൽ മെസി പറഞ്ഞത്. ഇതിനു പുറമെ എമിലിയാനോ മാർട്ടിനസും ഹോളണ്ട് താരമായ ഫ്രങ്കീ ഡി ജോങ്ങുമെല്ലാം റഫറിക്കെതിരെ വിമർശനം നടത്തിയിരുന്നു.

ലോകകപ്പിനു ശേഷം ഇന്നലെ നടന്ന ലാ ലീഗയിൽ ബാഴ്‌സലോണയും എസ്പാന്യോളും തമ്മിൽ നടന്ന കാറ്റലൻ ഡെർബിയിലും ലാഹോസ്‌ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. പതിനാറു മഞ്ഞക്കാർഡുകളും മൂന്നു ചുവപ്പുകാർഡുകളുമാണ് അദ്ദേഹം മത്സരത്തിൽ പുറത്തെടുത്തത്. ഇതിൽ ഒരു ചുവപ്പുകാർഡ് വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെട്ട് പിൻവലിച്ചു. ഇതിനു പുറമെ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് എതിരായി അദ്ദേഹം ഒരു പെനാൽറ്റി അനുവദിക്കുകയും ചെയ്‌തിരുന്നു. മത്സരത്തിൽ മുന്നിലുണ്ടായിരുന്ന ബാഴ്‌സയുടെ വിജയം നിഷേധിച്ചത് ഈ തീരുമാനമായിരുന്നു. ഇതോടെ ബാഴ്‌സക്ക് റയലിന്റെ മേൽ പോയിന്റ് നിലയിലുണ്ടായിരുന്ന മുൻ‌തൂക്കം അവസാനിച്ചു. നിലവിൽ രണ്ടു ടീമുകൾക്കും ഒരേ പോയിന്റാണുള്ളത്.

ആദ്യപകുതിയിൽ തന്നെ ഏഴു മഞ്ഞക്കാർഡുകൾ പുറത്തെടുത്ത ലാഹോസ്‌ അതിൽ അഞ്ചെണ്ണവും ബാഴ്‌സലോണ താരങ്ങൾക്കും പരിശീലകൻ സാവിക്കുമാണ് നൽകിയത്. രണ്ടാം പകുതിയിൽ റോബർട്ട് ലെവൻഡോസ്‌കിയെ ഫൗൾ ചെയ്‌തതിന്റെ പേരിൽ രണ്ടു ടീമിലെയും താരങ്ങൾ തമ്മിലുണ്ടായ ചെറിയ സംഘർഷത്തിലാണ് ലാഹോസ്‌ ചുവപ്പുകാർഡുകൾ വീശിയെറിഞ്ഞത്. എഴുപത്തിനാലാം മിനുറ്റിനും എണ്പത്തിയൊന്നാം മിനുറ്റിനും ഇടയിൽ നാല് മഞ്ഞക്കാർഡുകൾ നൽകിയ അദ്ദേഹം ബാഴ്‌സലോണ താരം ജോർദി ആൽബ, എസ്പാന്യോൾ താരം വിനീഷ്യസ് സൂസ എന്നിവരെ രണ്ടു മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി പുറത്താക്കുകയും ചെയ്‌തു. എസ്പാന്യോളിനെ മറ്റൊരു താരമായ കാബറേറക്കും ചുവപ്പുകാർഡ് ലഭിച്ചെങ്കിലും അത് വീഡിയോ റഫറി ഇടപെട്ട് പിൻവലിച്ചു.

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ മാർക്കോസ് അലോൻസോയിലൂടെ ബാഴ്‌സ മുന്നിലെത്തിയിരുന്നു. എഴുപത്തിമൂന്നാം മിനുട്ടിൽ ജോസെലുവാണ് എസ്പാന്യോളിനെ ഒപ്പമെത്തിച്ചത്. എന്നാൽ ആ പെനാൽറ്റി വിധിച്ച റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്ന വിമർശനം ഉയരുന്നുണ്ട്. മാർക്കോസ് അലോൻസോ ജോസെലുവിനെ തൊട്ടോ എന്നു പോലും ഉറപ്പില്ലാത്ത ഒരു ഫൗളിനാണ് റഫറി പെനാൽറ്റി വിളിച്ചത്. ലാഹോസ്‌ എടുത്ത തീരുമാനത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെടുകയും ചെയ്‌തില്ല. മത്സരത്തിൽ ബാഴ്‌സ വിജയിക്കാതിരുന്നതോടെ റയൽ മാഡ്രിഡ് ലീഗിൽ മുന്നിലെത്തി. രണ്ടു ടീമുകൾക്കും ഒരേ പോയിന്റാണെങ്കിലും ഹെഡ് ടു ഹെഡ് വിജയത്തിന്റെ അടിസ്ഥാനത്തിലാണ് റയൽ മാഡ്രിഡ് മുന്നിൽ നിൽക്കുന്നത്.