ക്ലബുകൾ മാത്രമല്ല, സൗദി ആരാധകർക്കും പണമെറിയാൻ മടിയില്ല; തനിക്ക് നൽകിയ സമ്മാനം കണ്ടു ഞെട്ടി ഫാബിന്യോ | Fabinho

ഫുട്ബോൾ ലോകത്ത് സൗദി അറേബ്യ നടത്തുന്ന വിപ്ലവത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് മറ്റുള്ള ലീഗുകളും ക്ലബുകളുമെല്ലാം. യൂറോപ്യൻ ഫുട്ബോളിൽ നിന്നും നിരവധി വമ്പൻ താരങ്ങളാണ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സൗദിയിലേക്ക് ചേക്കേറിയത്. ഖത്തർ ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിവെച്ച ഈ ട്രെൻഡ് അതിന്റെ ഏറ്റവും മൂർത്തമായ രൂപത്തിലാണ് നിൽക്കുന്നത്. ഏറ്റവുമവസാനം നെയ്‌മറും സൗദി അറേബ്യയിലെത്തി.

വമ്പൻ തുക തന്നെയാണ് ഈ താരങ്ങൾ സൗദി അറേബ്യയിലേക്ക് ചേക്കേറാൻ പ്രധാനമായും കാരണമാകുന്നത്. നിലവിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന എംബാപ്പയേക്കാൾ മൂന്നിരട്ടി പ്രതിഫലമാണ് മുപ്പത്തിയെട്ടുകാരനായ റൊണാൾഡോക്കും മുപ്പത്തിയാറുകാരനായ ബെൻസിമക്കുമെല്ലാം സൗദിയിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ക്ലബുകൾ മാത്രമല്ല, പണം വാരിയെറിയാൻ സൗദിയിലെ ആരാധകരും ഒട്ടും പിന്നിലല്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം തെളിയിക്കുന്നത്.

സൗദി ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം ഫാബിന്യോക്ക് ഒരു ആരാധകൻ സമ്മാനം നൽകുന്ന വീഡിയോയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം അൽ റയീദുമായി നടന്ന മത്സരത്തിൽ ടീമിനായി അരങ്ങേറ്റം നടത്തിയ ഫാബിന്യോ മികച്ച പ്രകടനം കാഴ്‌ച വെച്ചിരുന്നു. മത്സരത്തിന് ശേഷം തിരിച്ചു പോകാൻ വേണ്ടി താരം ബസിൽ കയറാനൊരുങ്ങുമ്പോൾ അരികിലേക്ക് വന്ന ഒരു ആരാധകൻ ഫാബിന്യോക്ക് സമ്മാനമായി നൽകിയത് റോളക്‌സിന്റെ വാച്ചാണ്.

റോളക്‌സിന്റെ ഏറ്റവും വിലകുറഞ്ഞ വാച്ചിനു തന്നെ അഞ്ചു ലക്ഷത്തോളം രൂപ വിലയുള്ളപ്പോഴാണ് ഇത്തരമൊരു സമ്മാനം ഫാബിന്യോക്ക് ആരാധകൻ സമ്മാനിച്ചത്. പ്രായമുള്ള ആരാധകൻ സമ്മാനമായി ഈ വാച്ച് നൽകിയപ്പോൾ ഫാബിന്യോ തന്നെ അവിശ്വസനീയതോടെ അതിലേക്ക് നോക്കുന്നത് വീഡിയോകളിൽ നിന്നും വ്യക്തമാണ്. അതിനു ശേഷം അബദ്ധത്തിൽ വാച്ച് നിലത്തു വീഴുന്നതും താരം അത് തിരിച്ചെടുത്ത് തുടച്ചതിനു ശേഷം നൽകിയ ആൾക്ക് നന്ദി പറഞ്ഞു പോകുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

Fabinho Stunned By Saudi Fans Gift Rolex Watch