റൊണാൾഡോക്ക് ഭ്രാന്തല്ലെന്ന് ഇപ്പോൾ മനസിലായില്ലേ, താരത്തിന് പിന്തുണയുമായി നെയ്‌മർ | Neymar

സൗദി അറേബ്യ മറ്റൊരു വമ്പൻ സൈനിങ്‌ കൂടി പൂർത്തിയാക്കിയിരിക്കുകയാണ്. പിഎസ്‌ജിയിൽ നിന്നും ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറെയാണ് വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ അൽ ഹിലാൽ സ്വന്തമാക്കിയത്. ഏതാണ്ട് നൂറു മില്യൺ യൂറോ ട്രാൻസ്‌ഫർ ഫീസും രണ്ടു വർഷത്തേക്ക് മുന്നൂറു മില്യൺ യൂറോ പ്രതിഫലവും നൽകിയാണ് മുപ്പത്തിയൊന്നുകാരനായ താരത്തെ അൽ ഹിലാൽ ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം താരത്തെ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്‌തു.

ടീമിലെത്തിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച നെയ്‌മർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വാധീനം സൗദിയിലേക്ക് താരങ്ങളെ എത്തിക്കാനും ലീഗ് വളരാനും കാരണമായെന്ന് പറയുകയുണ്ടായി. “ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനു തുടക്കം കുറിച്ചത്, ആ സമയത്ത് പലരും താരത്തിന് വട്ടാണെന്നും അതുപോലെ മറ്റു പലതും പറയുകയുണ്ടായി. ഇന്ന് സൗദി അറേബ്യൻ ലീഗ് കൂടുതൽ കൂടുതൽ വളർന്നു കൊണ്ടിരിക്കുന്നതാണ് നമ്മൾ കാണുന്നത്.” ബ്രസീലിയൻ താരം കഴിഞ്ഞ ദിവസം പറഞ്ഞു.

“ഇത് വളരെയധികം ആവേശമുണ്ടാക്കുന്നുണ്ട്. മികച്ച നിലവാരത്തിലുള്ള കളിക്കാരെ എതിർടീമുകളിൽ കാണുന്നത് കൂടുതൽ മികച്ച പ്രകടനം നടത്താൻ നമുക്ക് പ്രചോദനം നൽകും. റൊണാൾഡോ, ബെൻസിമ, ഫിർമിനോ തുടങ്ങിയ താരങ്ങളെ കാണുമ്പോൾ ഈ ആവേശം ഇരട്ടിയാകും. സ്‌ക്വാഡിൽ നിലവാരമുള്ള താരങ്ങൾ ഉണ്ടാവുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയൊരു ചരിത്രം എഴുതാൻ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു, ഇതെന്റെ തീരുമാനമാണ്.” നെയ്‌മർ പറഞ്ഞു.

ലോകഫുട്ബോളിൽ തന്നെ ഏറ്റവുമധികം മികച്ചതായി കരുതപ്പെടുന്ന രണ്ടു താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മർ എന്നിവരെ എത്തിച്ചതോടെ സൗദി ഫുട്ബോളിന്റെ മുഖഛായ തന്നെ മാറിയിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനിയും നിരവധി താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ അവർ നടത്തുന്നു. ഫുട്ബോൾ ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ സൗദി ലീഗിലേക്ക് വലിയ രീതിയിൽ എത്താനും ഇത് സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Neymar Credits Ronaldo For Saudi Pro League Transformation