ആഡംബരകാറുകളും ഇരുപത്തിയഞ്ചു മുറികളുള്ള കൊട്ടാരവും, സൗദിയിൽ നെയ്‌മർ സുൽത്താനായി വാഴും | Neymar

നെയ്‌മർ കൂടിയെത്തിയതോടെ യൂറോപ്യൻ ഫുട്ബാൾ ലീഗുകളെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയാണ് സൗദി അറേബ്യ. ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും തുടങ്ങിയ സൗദി അതിനു ശേഷം ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി വമ്പൻ താരങ്ങളെയാണ് രാജ്യത്തെത്തിച്ചത്. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റിന്റെ കീഴിലുള്ള നാല് ക്ലബുകൾ തന്നെയാണ് വമ്പൻ താരങ്ങളെ സ്വന്തമാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. ഇതിൽ നടന്ന അവസാനത്തെ വമ്പൻ സൈനിങാണ് നെയ്‌മറുടേത്.

റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തേക്ക് മുന്നൂറു മില്യൺ യൂറോ മൂല്യമുള്ള കരാറാണ് നെയ്‌മർ ഒപ്പിട്ടിരിക്കുന്നത്. അതിനു പുറമെ ആഡ് ഓണുകൾ അടക്കം കരാർ നാനൂറു മില്യൺ യൂറോയിലേക്ക് വർധിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിനു പുറമെ അൽ ഹിലാൽ ഓരോ മത്സരം വിജയിക്കുമ്പോഴും എൺപതിനായിരം യൂറോയും സൗദിയെ പ്രമോട്ട് ചെയ്‌തുകൊണ്ട് താരമിടുന്ന ഓരോ സോഷ്യൽ മീഡിയ പോസ്റ്റിനും അഞ്ചു ലക്ഷം യൂറോയും ലഭിക്കും.

സൗദിയിൽ സുൽത്താനായാണ് നെയ്‌മർ വാഴുകയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇരുപത്തിയഞ്ചു മുറികലും സ്വിമ്മിങ് പോലും സൗനയുമുള്ള വസതിയാണ് താരത്തിന് നൽകിയിരിക്കുന്നത്. ഇതിനു പുറമെ എട്ട് ആഡംബര കാറുകളും അൽ ഹിലാൽ നൽകുന്നുണ്ട്. ഇതിൽ ബെന്റ്ലി, ആസ്റ്റൺ മാർട്ടിൻ, ലംബോർഗിനി, മേഴ്‌സിഡസ് ബെൻസ് എന്നീ കമ്പനികളെല്ലാം ഉൾപ്പെടുന്നു. നെയ്‌മർക്ക് മത്സരങ്ങൾക്ക് വരാൻ പ്രൈവറ്റ് ജെറ്റ്, താരത്തിന് വേണ്ടി മാത്രം എട്ടോളം പരിചാരകർ എന്നിവരും സൗദിയിൽ ഉണ്ടായിരിക്കുമെന്നും സ്‌പാനിഷ്‌ മാധ്യമം കോപ്പേ പറയുന്നു.

അതേസമയം ഈ വാർത്തയുടെ ആധികാരികമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യൂറോപ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം പ്രധാനമായും റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും സൗദി അറേബ്യയിലേക്കുള്ള നെയ്‌മറുടെ ട്രാൻസ്‌ഫറിനായി ഒഴുകിയത് കണ്ണുതള്ളിക്കുന്ന രീതിയിലുള്ള പണമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത്രയും പണമൊഴുക്കി ലീഗിനെ കൂടുതൽ ശ്രദ്ധേയമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നതിലും യാതൊരു സംശയമില്ല.

Neymar Will Get Luxury Life In Saudi