കേരള ബ്ലാസ്റ്റേഴ്‌സിനോട് യെസ് പറഞ്ഞ് അർജന്റൈൻ സ്‌ട്രൈക്കർ, വമ്പൻ ട്രാൻസ്‌ഫറിനു കളമൊരുങ്ങുന്നു | Kerala Blasters

കഴിഞ്ഞ സീസണിലും കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ സീസണിലേക്ക് വേണ്ട ഒരുക്കങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പല താരങ്ങളും ക്ലബ് വിട്ടതും ടീമിന് ആവശ്യമുള്ള പൊസിഷനിലേക്ക് വേണ്ട താരങ്ങളെ എത്തിക്കാൻ കഴിയാതിരുന്നതുമെല്ലാം ആരാധകർക്ക് നിരാശയുണ്ടാക്കിയ കാര്യമായിരുന്നു. ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഗോകുലം കേരളയോട് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങുകയും ചെയ്‌തു.

ഗോകുലം കേരളയോടുള്ള തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശതാരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ള മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ്‌ ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇപ്പോൾ മുന്നേറ്റനിരയിലേക്ക് മറ്റൊരു വിദേശതാരത്തെ കൂടി എത്തിക്കാനുള്ള പദ്ധതിയിലാണ് കൊമ്പന്മാർ. ലാ ലിഗ ക്ലബായ ഐബാറിന്റെ സ്‌ട്രൈക്കറായ ഗുസ്‌താവോ ബ്ളാങ്കോയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം മുപ്പത്തിയൊന്നുകാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്. താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ബിഡ് ചെയ്‌ത റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ബ്ലാങ്കോയുടെ നിലവിലെ ക്ലബായ ഐബാറിനു നിലവിൽ താരത്തിന്റെ സേവനം ആവശ്യമില്ല. അതുകൊണ്ടു തന്നെ ലോണിലെങ്കിലും മറ്റു ക്ലബ്ബിലേക്ക് വിടാനുള്ള താൽപര്യം അവർക്കുണ്ട്. ഇത് മുതലെടുത്ത് താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.

ഐബാറുമായി ഒരു വർഷത്തെ കരാറുള്ള താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ് അടക്കമുള്ള കാര്യങ്ങളിലാണ് ഇനി ധാരണയാകാനുള്ളത്. യുക്രൈൻ ക്ലബായ ഷാക്തർ, ലാ ലിഗ ക്ലബായ മലാഗ, തുർക്കിഷ് ക്ലബായ ആന്റലിയാസ്‌പോർ തുടങ്ങി നിരവധി ക്ലബുകളിൽ കളിച്ചതിനു ശേഷമാണ് താരം ഐബാറിലെത്തിയത്. ട്രാൻസ്‌ഫർ നടന്നാൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അതൊരു വലിയ നേട്ടമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Gustavo Blanco Said Yes To Kerala Blasters