പെപ് ഗ്വാർഡിയോള പറഞ്ഞതാണ് ഇപ്പോൾ സംഭവിക്കുന്നത്, ആരാധകരുടെ സ്നേഹത്തിനു പകരം നൽകണമെന്ന് അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അഡ്രിയാൻ ലൂണയോടുള്ള സ്നേഹം വളരെ വലുതാണ്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിന് ശേഷം ടീമിനായി മികച്ച പ്രകടനം നടത്തിയ ഡയസും വാസ്‌ക്വസും ക്ലബ് വിട്ടപ്പോൾ ലൂണ ഇവിടെത്തന്നെ തുടർന്നു. മികച്ച ഓഫറുകൾ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുന്ന ലൂണ ടീമിനായി ഏറ്റവും മികച്ച പ്രകടനവും നടത്തുന്നു.
ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന ഈ പിന്തുണയും സ്നേഹവും അഡ്രിയാൻ ലൂണ വളരെയധികം വില മതിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് അഡ്രിയാൻ ലൂണ സംസാരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹത്തെക്കുറിച്ച് പറയാൻ പെപ് ഗ്വാർഡിയോളയുടെ വാക്കുകൾ ഉപയോഗിച്ച ലൂണ അവർക്ക് അതിനുള്ള സമ്മാനം നൽകണമെന്നും വ്യക്തമാക്കി.
Adrian Luna 🗣️ “I think Pep Guardiola once said in an interview that everything that we do is to be loved. I feel love of the people and I love the club and fans. It’s mutual which is very important for a player to feel like you are at right place,at your home.” @sportstarweb
— KBFC XTRA (@kbfcxtra) August 12, 2024
“പെപ് ഗ്വാർഡിയോള ഒരു അഭിമുഖത്തിൽ ഒരിക്കൽ പറഞ്ഞ കാര്യം നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം സ്നേഹിക്കപ്പെടാൻ വേണ്ടിയുള്ളതാണെന്നാണ്. ക്ലബ്ബിന്റെയും ആരാധകരുടെയും ഇവിടെയുള്ള ആളുകളുടെയും സ്നേഹം എനിക്ക് അനുഭവിക്കാൻ കഴിയുന്നു. നമ്മൾ ശരിയായ സ്ഥലത്താണുള്ളതെന്ന് ഒരു കളിക്കാരന് തോന്നേണ്ടത് വളരെ പ്രധാനമാണ്.”
“ഇത് കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുള്ള എന്റെ നാലാമത്തെ സീസണാണ്, വളരെ മനോഹരമായ അനുഭവമായി തോന്നുന്നു. ഒറ്റക്കെട്ടായി നിന്നു കഴിവിന്റെ പരമാവധി മൈതാനത്തു നൽകുക, ഒരു കിരീടം സ്വന്തമാക്കുക എന്നതാണ് ഈ സ്നേഹത്തിനു പകരമായി നമുക്ക് അവർക്കു വേണ്ടി നൽകാൻ കഴിയുക.” അഡ്രിയാൻ ലൂണ വ്യക്തമാക്കി.
കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും പരിക്ക് കാരണം നഷ്‌ടമായ അഡ്രിയാൻ ലൂണ ഈ സീസണിൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിന്റെ തുടക്കമെന്ന നിലയിൽ ഡ്യൂറൻഡ് കപ്പ് കിരീടം ഉയർത്താൻ ടീമിന് അവസരമുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ് എന്നത് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.