കേരള ബ്ലാസ്റ്റേഴ്‌സ് നായകനെ റാഞ്ചാൻ ശ്രമം നടന്നു, അഡ്രിയാൻ ലൂണ ഐഎസ്എൽ ക്ലബുമായി ചർച്ചകൾ നടത്തി

കഴിഞ്ഞ മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അഡ്രിയാൻ ലൂണ ടീമിനൊപ്പം നാലാമത്തെ സീസണിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ട അഡ്രിയാൻ ലൂണയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് അഡ്രിയാൻ ലൂണ.

എന്നാൽ അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും റാഞ്ചാനുള്ള ശ്രമം നടന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യൻ ജേർണലിസ്റ്റും ട്രാൻസ്‌ഫർ എക്സ്പെർട്ടുമായ മാർക്കസ് മെർഗുലാവോ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം എഫ്‌സി ഗോവയാണ് അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ ശ്രമിച്ചത്.

എഫ്‌സി ഗോവ അഡ്രിയാൻ ലൂണക്കായി മികച്ചൊരു ഓഫറാണ് നൽകിയത്. യുറുഗ്വായ് താരം അവരുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയും ചെയ്‌തു. എന്നാൽ ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് ലൂണ തീരുമാനിച്ചത്. തന്നെ സ്നേഹിക്കുന്ന ആരാധകരുടെ കൂടെ തുടരാനാണ് താരം ആഗ്രഹിച്ചത്.

അഡ്രിയാൻ ലൂണക്ക് പുറമെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജോർജെ പെരേര ഡയസിനെ സ്വന്തമാക്കാനും എഫ്‌സി ഗോവ ശ്രമം നടത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിൽ തകർപ്പൻ ഫോമിൽ കളിച്ച സഖ്യത്തെ വീണ്ടും ഒരുമിപ്പിക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ഗോവയേക്കാൾ മികച്ച ഓഫർ നൽകിയ ബംഗളൂരുവിലേക്ക് പെരേര ഡയസ് ചേക്കേറുകയായിരുന്നു.

അഡ്രിയാൻ ലൂണ ഈ സീസണിൽ ഐഎസ്എല്ലിൽ കളിച്ചിട്ടില്ല. അസുഖബാധിതനായതിനെ തുടർന്നാണ് താരം കഴിഞ്ഞ മത്സരത്തിന് ഇല്ലാതിരുന്നത്. അടുത്ത മത്സരത്തിൽ താരം കളിക്കും. കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ അഭാവം ടീമിനെ ബാധിച്ചിരുന്നു. അടുത്ത മത്സരത്തിൽ അതിനു പരിഹാരം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.