ഞാൻ കളിച്ചിട്ടുള്ള ടീമുകളിൽ വെച്ചേറ്റവും മികച്ച അനുഭവം, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് ഫെഡോർ ചെർണിച്ച് | Fedor Cernych

ഏതാനും മാസങ്ങൾ മാത്രമേ ടീമിനൊപ്പം ഉണ്ടായിരുന്നുള്ളൂവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഫെഡോർ ചെർണിച്ച്. അഡ്രിയാൻ ലൂണക്ക് പകരം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ ലിത്വാനിയൻ നായകന് വലിയ രീതിയിലുള്ള പിന്തുണയാണ് ആരാധകർ നൽകിയത്. ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്താൻ താരത്തിന് കഴിയുകയും ചെയ്‌തു.

ആറു മാസത്തെ കരാറിൽ മാത്രമാണ് ഫെഡോർ ചെർണിച്ചിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സീസൺ പൂർത്തിയായതോടെ താരം ലിത്വാനിയയിലേക്ക് തിരിച്ചു പോവുകയും ചെയ്‌തു. കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിമുഖത്തിൽ താരം കേരളത്തിലെ അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് ഫെഡോർ മികച്ച അഭിപ്രായമാണ് പറഞ്ഞത്.

“ഞാൻ എന്റെ കരിയറിൽ ഇതുവരെ കളിച്ചിട്ടുള്ള ടീമുകളിൽ വെച്ച് ഏറ്റവും മികച്ചതോ അല്ലെങ്കിൽ ഏറ്റവും മികച്ച ആരാധകരിൽ ഒന്നോ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. ഹോം മത്സരങ്ങളിൽ അവർ തരുന്ന അന്തരീക്ഷം വളരെ മികച്ചതാണ്, അതുപോലെ തന്നെ എവേ മത്സരങ്ങളിൽ അവർ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യാറുമുണ്ട്.” ഫെഡോർ ചെർണിച്ച് പറഞ്ഞു.

ജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ഫെഡോർ ചെർണിച്ച് ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ സമയമെടുത്തത് കൊണ്ടാണ് മികച്ച പ്രകടനം നടത്താൻ വൈകിയത്. സീസണിന്റെ അവസാനമായപ്പോഴേക്കും താരം ടീമുമായി ഒത്തിണങ്ങി വന്നിരുന്നു. പ്ലേ ഓഫിൽ താരം നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് എൺപത്തിയാറാം മിനുട്ട് വരെ മുന്നിലെത്തിയെങ്കിലും പിന്നീട് തോൽവി വഴങ്ങി.

ഫെഡോർ ബ്ലാസ്റ്റേഴ്‌സിലേക്ക് വന്ന സമയവും താരത്തെ പ്രതികൂലമായി ബാധിച്ചു. പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായതിനാൽ ബ്ലാസ്റ്റേഴ്‌സ് അടിതെറ്റി നിന്ന സമയത്താണ് താരം എത്തിയത്. മികച്ചൊരു ടീമുണ്ടെങ്കിൽ കൂടുതൽ മികവ് കാണിക്കാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.

Fedor Cernych Praise Kerala Blasters Fans