ഞെട്ടിച്ച് അർജന്റീന, ബ്രസീലിൽ ജനിച്ച താരത്തെ റാഞ്ചി; ലോകകപ്പിൽ കളിക്കാൻ സാധ്യത | Argentina

നവംബർ മാസത്തിൽ അണ്ടർ 17 ലോകകപ്പ് നടക്കാനിരിക്കെ ഞെട്ടിക്കുന്ന നീക്കവുമായി അർജന്റീന. ബ്രസീലിൽ ജനിച്ച താരമായ ഫെലിപ്പെ റോഡ്രിഗസിനെ സ്വന്തം തട്ടകത്തിലെത്തിച്ചാണ് അർജന്റീന ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. താരം അർജന്റീനയുടെ അണ്ടർ 17 ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫെലിപ്പിന്യോ എന്നറിയപ്പെടുന്ന പതിനാറുകാരനായ താരം നിലവിൽ ഇംഗ്ലീഷ് ക്ലബായ പ്രെസ്റ്റൻ നോർത്തിന്റെ കളിക്കാരനാണ്.

ബ്രസീലിലെ സാവോ പോളോയിലാണ് ജനിച്ചതെങ്കിലും ഫെലിപ്പിന്യോയുടെ മാതാപിതാക്കൾ അർജന്റീന സ്വദേശികളാണ്. നേരത്തെ തന്നെ പല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരത്തെ അർജന്റീനയുടെ സ്‌കൗട്ടുകൾ നിരീക്ഷിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായാണ് ബ്രസീലിന്റെ ഇടപെടൽ ഉണ്ടാകുന്നതിനു മുൻപ് തന്നെ താരത്തെ സ്വന്തം തട്ടകത്തിലേക്കെത്തിച്ച് അർജന്റീന പരിശീലനം ആരംഭിച്ചിരിക്കുന്നത്. ലോകകപ്പിനുള്ള ടീമിലും താരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ബ്രസീലിലെ സാവോ പോളോയിലാണ് ജനിച്ചതെങ്കിലും ഫെലിപ്പെ അർജന്റീനയുടെ സംസ്‌കാരം അനുസരിച്ചാണ് വളർന്നതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറയുന്നത്. ബ്രസീലിൽ വളരുമ്പോഴും അർജന്റീന ടീമിൽ കളിക്കാനാണ് താരം ഇഷ്‌ടപ്പെട്ടിരുന്നത്. കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ കിരീടങ്ങൾ അർജന്റീന നേടിയതോടെ ആ ആഗ്രഹം കൂടുതൽ വലുതായൊന്നും, അതിനാൽ ടീമിലേക്കുള്ള വിളി വന്നപ്പോൾ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ലെന്നും അവർ പറഞ്ഞു.

ലയണൽ മെസിയോട് ഫെലിപ്പേക്കുള്ള ഇഷ്‌ടവും അവർ വ്യക്തമാക്കുകയുണ്ടായി. മെസിയെ വളരെയധികം ആരാധിക്കുന്ന ഫെലിപ്പെ 2018 ലോകകപ്പിന്റെ സമയത്ത് തന്റെ മുടിക്ക് നീല പെയിന്റ് അടിച്ചുവെന്നാണ് അവർ പറയുന്നത്. ലോകകപ്പ് സമയത്ത് ബ്രസീലിലെ സ്‌കൂളിൽ അർജന്റീനയുടെ പതാകയുടെ നിറവുമായി ഒരു കുട്ടി പഠിക്കുന്നത് അസാധാരണമായ കാര്യമാണെന്നും അവർ പറഞ്ഞു. ഫുട്ബോൾ അടക്കമുള്ള പല കാര്യങ്ങളിലും താരം അർജന്റൈൻ ആണെന്നും അവർ പറഞ്ഞു.

ബ്രസീലിൽ നിന്നും ഇറ്റലിയിലേക്ക് കുടുംബം എത്തിയപ്പോഴാണ് ഫെലിപ്പെ ഫുട്ബോളിലേക്ക് ചുവടു വെക്കുന്നത്. അതിനു ശേഷം ബ്രസീലിൽ തന്നെ തിരിച്ചെത്തിയ താരം ഫുട്ട്സാലിൽ വളരെയധികം തിളങ്ങി. പിന്നീട് കുടുംബം 2020ൽ ലിവർപൂളിൽ എത്തിയതോടെയാണ് ഇംഗ്ലണ്ടിലെ താരത്തിന്റെ കരിയർ ആരംഭിക്കുന്നത്. ലിവർപൂളിൽ താരം എത്തേണ്ടതായിരുന്നെങ്കിലും കോവിഡ് മഹാമാരി അതിനു തടസമായതിനെ തുടർന്നാണ് പ്രെസ്റ്റൺ നോർത്തിൽ താരം ചേക്കേറുന്നത്.

Felipe Rodriguez Joined Argentina U17 Team