അർജന്റീനക്ക് അപ്രതീക്ഷിത ഷോക്ക് നൽകിയവർക്കെതിരെ ഇന്ത്യ ഇറങ്ങും, വമ്പൻ പോരാട്ടത്തിനു കളമൊരുങ്ങി | India

ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ ചൈനയോട് അഞ്ചു ഗോളുകളുടെ കനത്ത തോൽവി ഏറ്റുവാങ്ങിയെ ഇന്ത്യ അതിനു ശേഷം ബംഗ്ലാദേശിനെതിരെ ബുദ്ധിമുട്ടി നേടിയ വിജയത്തിന്റെയും കഴിഞ്ഞ ദിവസം മ്യാൻമാറിനെതിരെ നടന്ന മത്സരത്തിൽ സമനിലയും നേടിയതിന്റെ പിൻബലത്തിലാണ് ഇന്ത്യ 2010നു ശേഷം ആദ്യമായി ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുന്നത്.

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ആരാണെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ സൗദി അറേബ്യയെയാണ് ഇന്ത്യ പ്രീ ക്വാർട്ടറിൽ നേരിടേണ്ടത്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച ടീമാണ് സൗദി അറേബ്യയെങ്കിലും അവിടെ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ പ്രധാന താരങ്ങൾ പങ്കെടുക്കാനുള്ള സാധ്യതയില്ല. എങ്കിലും ഇന്ത്യയെ സംബന്ധിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷയില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ ബുദ്ധിമുട്ടിയാണ് കടന്നു കൂടിയത്. ചൈനക്കെതിരെ തോൽവി വഴങ്ങിയ ഇന്ത്യ അതിനു ശേഷം ബംഗ്ലാദേശിനെതിരെ അവസാന മിനിറ്റുകളിൽ കിട്ടിയ പെനാൽറ്റിയിൽ വിജയം നേടുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയേക്കാൾ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് നടത്തിയത്. മ്യാൻമറിനെതിരെ ഇന്ത്യക്ക് മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നു. അതേസമയം സൗദി അറേബ്യ രണ്ടു ജയവും ഒരു സമനിലയുമായാണ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്.

ഏഷ്യൻ ഗെയിംസിന് അണ്ടർ 23 താരങ്ങളാണ് പങ്കെടുക്കുക. എന്നാൽ ടീമിനുള്ളിൽ ഇരുപത്തിമൂന്നു വയസിനു മുകളിലുള്ള നിശ്ചിത എണ്ണം താരങ്ങളെ ഉൾപ്പെടുത്താൻ കഴിയുമെന്ന നിയമമുണ്ട്. ആ നിയമം ഉപയോഗിച്ച് സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്. മലയാളിയും കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ രാഹുൽ കെപിയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്. ആദ്യത്തെ മത്സരത്തിൽ താരം ഗോൾ നേടിയിരുന്നു.

ഏഷ്യൻ ഗെയിംസിന് ഇന്ത്യയിൽ നിന്നും ഫുട്ബോൾ ടീമിനെ അയക്കുന്നില്ലെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അത് വിവാദമായതിനെ തുടർന്ന് ടീമിനെ അയക്കുകയായിരുന്നു. വലിയ പ്രതീക്ഷകൾ ഇല്ലാതെയെത്തിയ ഇന്ത്യൻ ടീമിന് പ്രീ ക്വാർട്ടർ വരെ മുന്നേറാൻ കഴിഞ്ഞത് വലിയൊരു നേട്ടം തന്നെയാണ്. പ്രീ ക്വാർട്ടറിൽ ഒരു അട്ടിമറി നടത്താൻ കഴിഞ്ഞാൽ അതൊരു വലിയ ചരിത്രം തന്നെയാകും.

India To Face Saudi Arabia In Asian Games