റയലിനെ തോൽപ്പിക്കാൻ റഫറി കൂട്ടുനിന്നു, മാഡ്രിഡ് ഡെർബിക്കു പിന്നാലെ ആരോപണങ്ങളുമായി റയൽ മാഡ്രിഡ് ടിവി | Real Madrid

സീസൺ ആരംഭിച്ചതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ച് മികച്ച കുതിപ്പിലായിരുന്ന റയൽ മാഡ്രിഡിനു പക്ഷെ ഇന്നലെ കാലിടറി. ആരാധകർ ആവേശത്തോടെ കാത്തിരുന്ന മാഡ്രിഡ് ഡെർബിയിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ അത്ലറ്റികോ മാഡ്രിഡാണ് റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പിന് അവസാനമിട്ടത്. അൽവാരോ മൊറാട്ടയുടെ ഇരട്ടഗോളുകളും ഗ്രീസ്‌മന്റെ ഗോളും അത്ലറ്റികോക്ക് വിജയം നൽകിയപ്പോൾ ക്രൂസാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്.

അതേസമയം മത്സരത്തിനു ശേഷം റഫറിയുടെ തീരുമാനങ്ങളെ ചൊല്ലി റയൽ മാഡ്രിഡ് ആരാധകർ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. റയൽ മാഡ്രിഡിന്റെ ഔദ്യോഗിക ചാനലായ റയൽ മാഡ്രിഡ് ടിവിയും മത്സരത്തിൽ റഫറിക്ക് സംഭവിച്ച പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്തു വന്നിരുന്നു. മത്സരം റയൽ മാഡ്രിഡിന് നഷ്‌ടമാകാൻ കാരണം റഫറിയാണെന്നും അടുത്തിടെ വിവാദങ്ങളിൽ പെട്ട എൻറിക്വസ് നെഗ്രയ്‌രയുടെ മകനാണ് അദ്ദേഹമെന്ന കാര്യം മറക്കരുതെന്നും റയൽ മാഡ്രിഡ് ടിവി തുറന്നടിച്ചു.

മത്സരത്തിൽ മൊറാട്ട നേടിയ ആദ്യത്തെ ഗോളൊരു പ്രത്യാക്രമണത്തിൽ നിന്നാണ് വന്നത്. ആ ഗോളിന് മുൻപ് അത്ലറ്റികോ മാഡ്രിഡ് ഗോൾമുഖത്തേക്ക് മുന്നേറുകയായിരുന്ന ജൂഡ് ബെല്ലിങ്ങ്ഹാം ഫൗൾ ചെയ്യപ്പെട്ടിരുന്നു. ആ ഫൗൾ റഫറി നൽകാതിരുന്നതിനാൽ അത്ലറ്റികോയുടെ ഗോൾ അനുവദിക്കപ്പെട്ടു. അതിനു പുറമെ കാമവിങ്ങയുടെ ഗോൾ ഓഫ്‌സൈഡാണെന്നു പറഞ്ഞ് നിഷേധിച്ചതും ഗിമിനസിന്റെ ഫൗളിന് വെറും മഞ്ഞക്കാർഡ് മാത്രം നൽകിയതും തെറ്റായ തീരുമാനങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി.

അതിനു പുറമെ അറുപത്തിയാറാം മിനുട്ടിൽ നാച്ചോ നൽകിയ പന്ത് അത്ലറ്റികോ മാഡ്രിഡ് താരമായ മരിയോ ഹെർമോസ കൈ കൊണ്ടാണ് തടുത്തതെന്നും അതിനു പെനാൽറ്റി നൽകിയില്ലെന്നും റയൽ മാഡ്രിഡ് ടിവി പറയുന്നു. ആദ്യപകുതിയിൽ രണ്ടു ടീമുകളും രണ്ടു ഗോളുകൾ വീതം നേടേണ്ടതായിരുന്നുവെന്നും അത്ലറ്റികോ മാഡ്രിഡിന്റെ ഒരു താരത്തിന് ചുവപ്പുകാർഡ് ലഭിക്കേണ്ടതായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് അവർ പരോക്ഷമായി സൂചിപ്പിക്കുന്നത്.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. ആറു മത്സരങ്ങളിൽ അഞ്ചു വിജയവും ഒരു സമനിലയുമായി ലീഗിൽ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അതുപോലെ അഞ്ചു ജയവും ഒരു സമനിലയുമായി അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന ജിറോണ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. അത്ലറ്റികോ മാഡ്രിഡ് ലീഗിൽ അഞ്ചാം സ്ഥാനത്താണ്.

Real Madrid TV Slam Referee For Loss Against Atletico Madrid