ഇത്രയധികം ആരാധകരുള്ള ക്ലബിന് ഫുട്ബോൾ ഓൺലി സ്റ്റേഡിയം തന്നെ വേണം, നിർദ്ദേശവുമായി എഎഫ്‌സി മേധാവി | Kerala Blasters

കേരളത്തിൽ ഫുട്ബോളിന് മാത്രമായി മികച്ചൊരു സ്റ്റേഡിയം നിർമിക്കണമെന്ന നിർദ്ദേശവുമായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മേധാവിയായ വിൻഡ്‌സർ ജോൺ. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരം കാണാൻ അദ്ദേഹവും എത്തിയിരുന്നു. അതിനു ശേഷം കൊച്ചിയിലെ സ്റ്റേഡിയത്തിലെ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിനൊപ്പമാണ് പുതിയൊരു ഫുട്ബോൾ ഓൺലി സ്റ്റേഡിയമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേഡിയത്തിൽ ധാരാളം ആരാധകർ എത്തുന്നതിനാൽ തന്നെ സുരക്ഷക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ കുറ്റമറ്റതാക്കണമെന്ന നിർദ്ദേശമാണ് അദ്ദേഹം നൽകിയത്. അതല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള കുഴപ്പങ്ങൾ ഉണ്ടായാൽ അതൊരു ദുരന്തത്തിലേക്ക് പോകുമെന്നും അതിനെ തടുക്കാൻ വേണ്ടതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിന് മാത്രമായി സ്റ്റേഡിയം നിർമിച്ചാൽ കൂടുതൽ മികച്ച രീതിയിൽ സുരക്ഷ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിങ്ങൾ ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കുമ്പോൾ ഈ നിയന്ത്രണങ്ങളെല്ലാം അതുപോലെ തന്നെ പുതിയതിൽ ഉൾപ്പെടുത്താം. നിലവിലെ സ്റ്റേഡിയം പുനർനിർമ്മിക്കുകയാണെങ്കിൽ, നിങ്ങളുടെ ലൊക്കേഷൻ പ്രധാന കേന്ദ്രമായതിനാൽ നിങ്ങൾക്ക് ഇപ്പോഴുള്ളതിൽ കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. അതിനാൽ എല്ലായ്പ്പോഴും സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. ഫുട്‌ബോളിൽ സുരക്ഷക്കാണ് ഏറ്റവുമധികം മുൻഗണന നൽകുന്നത്.” അദ്ദേഹം പറഞ്ഞു.

“മറുവശത്ത്, നിങ്ങൾക്ക് വളരെയധികം ആരാധകപിന്തുണ ഉള്ളതിനാൽ അത് നിറവേറ്റുന്ന ഒരു സ്റ്റേഡിയം ഉണ്ടെങ്കിൽ അത് വളരെ മികച്ചതായിരിക്കും. നിങ്ങൾക്ക് വളരെയധികം അഭിനിവേശമുണ്ട്, നിങ്ങൾ ഇവിടെ മത്സരം പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല, നിങ്ങൾക്ക് ഒരുപക്ഷേ മതിയായ ടിക്കറ്റുകൾ ഉണ്ടായിരിക്കില്ല. മറുവശത്ത്, എല്ലാം തയ്യാറാണ്, എന്നാൽ ചില കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. നിർഭാഗ്യവശാൽ, അവ പ്രധാനപ്പെട്ട കാര്യങ്ങളുമാണ്.” അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കുന്ന കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം ഫുട്ബോളിന് വേണ്ടി മാത്രമുള്ള സ്റ്റേഡിയമല്ല. ക്രിക്കറ്റ് മത്സരങ്ങളും പൊതുപരിപാടികളും ഇവിടെ നടന്നിരുന്നു. ഫുട്ബോളിന് മാത്രമായി ഒരു സ്റ്റേഡിയം വേണമെന്ന ആവശ്യം ആരാധകരും ഉന്നയിക്കുന്നുണ്ട്. നിലവിലെ സ്റ്റേഡിയം നഗരത്തിന്റെ ഹൃദയഭാഗത്തായതിനാൽ സുരക്ഷാപ്രശ്‌നങ്ങൾക്ക് അത് കാരണമാകുന്നുണ്ടെന്നാണ് വിൻഡ്‌സർ ജോൺ ചൂണ്ടിക്കാട്ടുന്നത്.

AFC Chief Says Kerala Blasters Need A Football Only Stadium