മെസിയെ ഒന്നിലധികം തവണ ആദരിച്ചു, എംബാപ്പയാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്ന് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫി | Messi

അടുത്തിടെ ലയണൽ മെസി നൽകിയ ഒരു അഭിമുഖത്തിൽ ലോകകപ്പിനു ശേഷം തന്റെ ക്ലബായ പിഎസ്‌ജിയിൽ നിന്നും യാതൊരു തരത്തിലുള്ള ആദരവും തനിക്ക് ലഭിച്ചില്ലെന്നു പറഞ്ഞിരുന്നു. ഞാനാകും ലോകകപ്പ് നേടിയിട്ടും ക്ലബിൽ നിന്നും യാതൊരു അംഗീകാരവും ലഭിക്കാത്ത ഒരേയൊരു താരമെന്നാണ് മെസി പറഞ്ഞത്. ലോകകപ്പിൽ അർജന്റീനയാണ് ഫ്രാൻസിന്റെ രണ്ടാം കിരീടമെന്ന മോഹം ഇല്ലാതാക്കിയത് എന്നതിനാൽ അത് മനസിലാക്കാൻ കഴിയുന്ന കാര്യമാണെന്നും മെസി കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ക്ലബിൽ നിന്നും യാതൊരു അംഗീകാരവും തനിക്ക് ലഭിച്ചില്ലെന്ന മെസിയുടെ വാക്കുകൾ യാഥാർഥ്യമല്ലെന്നാണ് പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖലൈഫി പറയുന്നത്. ട്രെയിനിങ്ങിന്റെ ഇടയിലും വ്യക്തിപരമായും ലയണൽ മെസിക്ക് തങ്ങൾ ആദരവ് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഫ്രാൻസിനെയാണ് അർജന്റീന ലോകകപ്പിൽ കീഴടക്കിയതെന്നതിനാൽ ഒരു ഫ്രഞ്ച് ക്ലബെന്ന നിലയിൽ ആദരവ് നൽകാൻ തങ്ങൾക്ക് പല പരിമിതികളുമുണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

“പുറത്ത് പല തരത്തിലുള്ള സംസാരം നടക്കുന്നുണ്ട്. എന്താണ് താരം പറഞ്ഞതെന്നും പറയാതിരുന്നതെന്നും എനിക്കറിയില്ല. എല്ലാവർക്കും അറിയുന്നതു പോലെത്തന്നെ, ലോകകപ്പ് നേടിയതിനു ശേഷം മെസി ട്രെയിനിങ്ങിനു വരുമ്പോൾ ഞങ്ങൾ ആദരവ് നൽകുന്നൊരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. അതിനു പുറമെ വ്യക്തിപരമായും ഞങ്ങൾ താരത്തിന്റെ ലോകകപ്പ് നേട്ടം ആഘോഷിച്ചിരുന്നു. പക്ഷെ ഞങ്ങളൊരു ഫ്രഞ്ച് ക്ലബാണെന്ന കാര്യം ഓർമ വേണം.”

“സ്റ്റേഡിയത്തിൽ വെച്ച് മെസിയുടെ ലോകകപ്പ് നേട്ടം ആഘോഷിച്ചാൽ അതൊരുപാട് വൈകാരിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. മെസി ഫൈനലിൽ കീഴടക്കിയ ടീമിനെയും അദ്ദേഹത്തിന്റെ സഹതാരങ്ങളെയും ഞങ്ങളുടെ ആരാധകരെയും ഞങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. എന്നാൽ മെസിയെക്കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹമൊരു അസാധാരണ കളിക്കാരനാണ്. മെസി ഇവിടെ കളിച്ചത് ഞങ്ങൾക്കെല്ലാം വളരെയധികം അഭിമാനമുള്ള കാര്യവുമാണ്.” നാസർ അൽ ഖലൈഫി പറഞ്ഞു.

എംബാപ്പയാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളൊരു കുടുംബമാണ്, അവർക്കിടയിലെ പ്രശ്‌നങ്ങൾ അതിനുള്ളിൽ തന്നെ അവസാനിക്കും. താരവും ഇപ്പോഴുള്ള ടീമും ചെയ്യുന്ന കാര്യങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങൾക്കൊപ്പമാണുള്ളത്. എന്നെ സംബന്ധിച്ച് താരം എംബാപ്പയാണ് ബാലൺ ഡി ഓർ അർഹിക്കുന്നത്.” അദ്ദേഹം വ്യക്തമാക്കി.

PSG President Says They Celebrated Messi World Cup Win