യൂറോ ടീമിൽ ഇല്ലാതിരുന്ന ഗാവിക്ക് ലഭിച്ചത് ഹീറോ പരിവേഷം, കാരണം ക്യാപ്റ്റന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്

യൂറോ കപ്പിന്റെ ഫൈനൽ പോരാട്ടം കാണാൻ സ്പെയിനിലെ രാജാവും എത്തിയിരുന്നു. മത്സരത്തിനു പോകുന്നതിനു മുൻപ് അദ്ദേഹം യൂറോ ടീമിൽ ഇല്ലാതിരുന്ന ബാഴ്‌സലോണ താരമായ ഗാവിയെ മത്സരം കാണുന്നതിനായി ക്ഷണിച്ച കാര്യം വ്യക്തമാക്കിയിരുന്നു. പരിക്ക് കാരണം ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഗാവി ടീമിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മത്സരത്തിനു ശേഷം ടീം കിരീടം ഏറ്റു വാങ്ങുന്ന സമയത്തും അതിനു ശേഷമുള്ള ആഘോഷങ്ങളിലും ഗാവി ഭാഗമായിരുന്നു. ടീം സ്പെയിനിൽ എത്തിയതിനു ശേഷം നടന്ന പരേഡിൽ കിരീടം നേടിയ ഓരോ താരങ്ങളുടെയും പേര് വിളിച്ചു പറയുമ്പോൾ അതിലും ഗാവി ഉണ്ടായിരുന്നു. എല്ലാവരും താരത്തിന് അത്രയധികം പരിഗണനയാണ് നൽകിയത്.

യൂറോ ടീമിൽ ഇല്ലാതിരുന്ന ഒരു താരത്തിന് ഇത്രയും വലിയ പരിഗണന നൽകിയതിന്റെ കാരണം സ്പെയിൻ ക്യാപ്റ്റൻ മൊറാട്ട തന്നെ വ്യക്തമാക്കുന്നുണ്ട്. ആരാധകർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം സ്പെയിൻ ദേശീയ ടീമിലെ താരങ്ങൾക്ക് പോരാട്ടവീര്യം പകർന്നു നൽകുന്നതിൽ ഗാവി വഹിച്ച പങ്കിനെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ട്.

“നീ ഈ ടീമിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ഞങ്ങളെ പോരാടാൻ പഠിപ്പിച്ചതും അതിനു സഹായിച്ചതും നീയാണ്. സ്വന്തം ഊർജ്ജവും കരുത്തും വെച്ച് പോരാടാൻ നീ സഹായിച്ചു. ഈ ടീമിന്റെ ഭാവിയിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായി നീയുണ്ടാകുമെന്ന് എനിക്കുറപ്പാണ്.” പരേഡിനിടെ ഗാവിയെ ചേർത്തു പിടിച്ച് മൊറാട്ട ആരാധകരോടായി പറഞ്ഞു.

ടീമിനായി മുഴുവൻ ഊർജ്ജവും ചിലവാക്കുന്ന ഗാവി മുൻപ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ്. ബാഴ്‌സലോണ അക്കാദമിയിൽ നിന്നും ഉയർന്നു വന്ന താരമായ ഗാവി കഴിഞ്ഞ സീസണിനിടെയാണ് പരിക്കേറ്റു പുറത്തു പോയത്. വരുന്ന സീസൺ ആരംഭിക്കുന്നതിനു മുൻപ് താരം കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.