മുൻ ബാഴ്‌സലോണ താരത്തെ സ്വന്തമാക്കി, ഐഎസ്എല്ലിലേക്ക് മാസ് എൻട്രി ലക്ഷ്യമിട്ട് ഗോകുലം കേരളയുടെ നീക്കം | Gokulam Kerala

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും താരങ്ങൾ കൊഴിഞ്ഞു പോവുകയും പകരക്കാരായി ആരൊക്കെ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വമ്പൻ സൈനിങ്‌ പ്രഖ്യാപിച്ച് കേരളത്തിലെ മറ്റൊരു പ്രധാന ക്ലബായ ഗോകുലം കേരള. ബാഴ്‌സലോണക്കു വേണ്ടി കളിച്ചിട്ടുള്ള സ്‌പാനിഷ്‌ താരമായ നിലി പെർഡോമോയെയാണ് ഗോകുലം കേരള അടുത്ത സീസണിനു മുന്നോടിയായി ടീമിലെത്തിച്ചത്.

ലാസ് പാൽമാസിലൂടെ കരിയർ ആരംഭിക്കുകയും പിന്നീട് ബാഴ്‌സലോണ ബിയിൽ എത്തുകയും ചെയ്‌തിട്ടുള്ള പെർഡോമോ അതിനു ശേഷം അൽബേസ്റ്റെ, പ്ലാറ്റനിയാസ് തുടങ്ങി നിരവധി ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എട്ടു ലാ ലിഗ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് പെർഡോമോ. റൈറ്റ് വിങ്ങറായി കളിക്കുന്ന താരത്തിന് റൈറ്റ് ബാക്കായി കളിക്കാനും കഴിയും.

ഇന്ത്യയിൽ ആദ്യമായല്ല നിൽ പെർഡോമോ കളിക്കുന്നത്. 2019-20 സീസണിൽ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി താരം കളത്തിലിറങ്ങിയിട്ടുണ്ട്. പത്ത് മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു. ഗ്രീക്ക് ക്ലബായ കല്ലിതീയക്ക് വേണ്ടി കളിച്ചിരുന്ന താരം കഴിഞ്ഞ സീസണിൽ പതിനൊന്നു മത്സരങ്ങളിൽ രണ്ടു അസിസ്റ്റുകളാണ് നൽകിയിട്ടുള്ളത്.

ഐ ലീഗ് ചാമ്പ്യന്മാരായതിനു ശേഷമുള്ള കഴിഞ്ഞ സീസണിൽ ഗോകുലം കേരള പുറകോട്ടു പോയിരുന്നു. ഇതോടെ അവർക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷൻ ലഭിച്ചില്ല. അടുത്ത സീസണിൽ വീണ്ടും ഐ ലീഗ് ജേതാക്കളായി ഇന്ത്യൻ സൂപ്പർ ലീഗിലെത്താനാകും ഗോകുലത്തിന്റെ ലക്‌ഷ്യം. അങ്ങിനെ സംഭവിച്ചാൽ കേരളത്തിൽ നിന്നും രണ്ടു ടീമുകൾ ഐഎസ്എല്ലിൽ പോരാടുന്നത് കാണാനാകും.

Gokulam Kerala Announce Signing Of Nili Perdomo