അർജന്റീന ടീമിൽ ഞാൻ ഉണ്ടാവുകയില്ലായിരുന്നു, വഴിത്തിരിവായ സംഭവം വെളിപ്പെടുത്തി ലയണൽ മെസി | Messi

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്ന കാര്യം. കിരീടം നേടിയാലും ഇല്ലെങ്കിലും അത് തന്നെ സംഭവിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ ലോകകപ്പിൽ അമ്പരപ്പിക്കുന്ന പ്രകടനം നടത്തി ലയണൽ മെസി കിരീടം സ്വന്തമാക്കി. താരത്തിന്റെ പ്രകടനം കണ്ട ആരാധകർ അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഖത്തർ ലോകകപ്പിന് ശേഷം വിരമിക്കാനുള്ള തീരുമാനം ലയണൽ മെസി എടുത്തില്ല. ലോകചാമ്പ്യൻ എന്ന നിലയിൽ തന്നെ അർജന്റീന ടീമിനൊപ്പം കളിക്കണമെന്നാണ് താരം ടൂർണമെന്റിന് ശേഷം പറഞ്ഞത്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക വരെയെങ്കിലും മെസി അർജന്റീനക്കൊപ്പം ഉണ്ടാകുമെന്നുറപ്പാണ്. അതേസമയം ലോകകപ്പ് നേടിയില്ലായിരുന്നെങ്കിൽ താൻ അർജന്റീന ടീമിൽ ഉണ്ടാകുമായിരുന്നില്ലെന്നാണ് മെസി പറയുന്നത്.

“ഇതിനു മുൻപൊരിക്കലും എനിക്ക് സംഭവിച്ചിട്ടില്ലാത്ത രീതിയിലാണ് അവസാനത്തെ ലോകകപ്പ് ഞാൻ ആസ്വദിച്ചത്. സത്യസന്ധമായി പറഞ്ഞാൽ ലോകചാമ്പ്യന്മാരായി ഞങ്ങൾ മാറിയില്ലായിരുന്നെങ്കിൽ ഞാൻ ദേശീയ ടീമിനൊപ്പം ഉണ്ടാകില്ലായിരുന്നു. ഇന്നെനിക്കിവിടെ നിന്നും പോകാനാവില്ല, എല്ലാം ആസ്വദിക്കണം.” മെസി കഴിഞ്ഞ ദിവസം ഒരു ചൈനീസ് മാധ്യമത്തോട് സംസാരിക്കുമ്പോൾ പറഞ്ഞു.

“നമ്മൾ കടന്നു പോകുന്ന വഴികളിൽ എന്തൊക്കെ സംഭവിച്ചാലും ശ്രമിച്ചു കൊണ്ടേയിരിക്കണം. എനിക്കൊപ്പം ഉറച്ചു നിന്ന യുവതലമുറക്ക് എനിക്ക് നൽകാനുള്ള സന്ദേശമിതാണ്. ഒരു കായികതാരമെന്നതിനേക്കാൾ എന്നെ സാധാരണക്കാരനായ, നല്ലൊരു മനുഷ്യനായി അവർ കാണണമെന്നാണ് എന്റെ ആഗ്രഹം.” മെസി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മത്സരത്തിലും ലയണൽ മെസി മികച്ച പ്രകടനമാണ് അർജന്റീന ടീമിനായി നടത്തിയത്. ലോകകപ്പിൽ അർജന്റീന കിരീടം നേടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മെസിയുടെ പ്രകടനം ഇനി ദേശീയ ടീമിനായി കാണാൻ കഴിയില്ലായിരുന്നു എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

Messi About World Cup And Argentina Future