മെസിയുടെ പകരക്കാരനെ തരാം, പകരം മറ്റൊരു താരത്തെ നിർബന്ധമായും വേണമെന്ന് മാഞ്ചസ്റ്റർ സിറ്റി | PSG

സീസൺ അവസാനിച്ചതോടെ കരാർ പൂർത്തിയായ ലയണൽ മെസി പിഎസ്‌ജി വിടാനുള്ള തീരുമാനമാണ് എടുത്തത്. താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും ഒടുവിൽ ഇന്റർ മിയാമിയിലേക്ക് പോകുമെന്നാണ് മെസി തന്നെ വെളിപ്പെടുത്തിയത്. അതിനിടയിൽ ലയണൽ മെസിക്ക് പകരക്കാരനെ സ്വന്തമാക്കാനുള്ള പദ്ധതികൾ പിഎസ്‌ജി സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.

നേരത്തെ റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോ ലയണൽ മെസിക്ക് പകരക്കാരനാകും എന്നാണു കരുതിയിരുന്നതെങ്കിലും പിഎസ്‌ജിയുടെ പ്രധാന ലക്‌ഷ്യം മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാഡോ സിൽവയാണ്. ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം തന്റെ ഭാവിയെക്കുറിച്ച് ഒന്നുമറിയില്ലെന്നു താരം പ്രതികരിച്ചത് ഫ്രഞ്ച് ക്ലബിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.

ബെർണാഡോ സിൽവയെ വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സമ്മതമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ അതിനായി അവർ ആവശ്യപ്പെടുന്ന പ്രധാന നിബന്ധന ഫ്രഞ്ച് ക്ലബ്ബിനെ സംബന്ധിച്ച് സ്വീകാര്യമാകാൻ സാധ്യതയില്ല. ബെർണാഡോ സിൽവയെ നൽകി പകരം കൈമാറ്റക്കാരാറിൽ വാറൻ സെറെ എമറിയെ തങ്ങൾക്ക് നൽകണമെന്നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആവശ്യം.

വെറും പതിനേഴു വയസ് മാത്രം പ്രായമുള്ള സൈറ എമറി പിഎസ്‌ജിയുടെ ഭാവി വാഗ്‌ദാനങ്ങളിൽ ഒന്നാണ്. ഈ സീസണിൽ എട്ടു ലീഗ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ മധ്യനിര താരം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് മത്സരത്തിൽ സ്റ്റാർട്ട് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരമായ എമറിയെ വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറാകാനുള്ള സാധ്യതയില്ല. 2014 മുതൽ പിഎസ്‌ജിയുടെ ഭാഗമാണ് എമറി.

Man City Want PSG Player Zaire Emery For Silva